Connect with us

International

പെന്‍സില്‍വാനിയയിലും ലീഡ്; ബൈഡന്‍ വൈറ്റ് ഹൗസിനരികെ

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്നാം ദിനം പുരോഗമിക്കുമ്പേള്‍ വിജയപ്രതീക്ഷ ഉയര്‍ത്തി ജോ ബൈഡന്‍. നിര്‍ണായക സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയ, ജോര്‍ജിയ, നെവാഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഇവിടങ്ങളില്‍ എല്ലാം ബൈഡന്‍ ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നിര്‍ണായകമായ പെന്‍സില്‍വാനിയയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ബൈഡന് 5000ല്‍ ഏറെ വോട്ടുകളുടെ ലീഡുണ്ട്.

16 ഇലക്ടറല്‍ കോളജ് വോട്ടുകളുള്ള ജോര്‍ജിയയില്‍ ആയിരം വോട്ടുകള്‍ക്കും ആറ് ഇലക്ടറല്‍ വോട്ടുകളുള്ള നെവാഡയില്‍ 11000 വോട്ടുകള്‍ക്കും 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ 47000 വോട്ടുകള്‍ക്കുമാണ് ബൈഡന്റെ മുന്നേറ്റം. 20 ഇലക്ടറല്‍ വോട്ടുകളാണ് പെന്‍സില്‍വാനിയയിലുള്ളത്. ഇവിടെ ട്രംപിന് നേരത്തെ 18000 വോട്ടുകളുടെ ലീഡുണ്ടായിരുന്നു.

538 ഇലക്ടല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടുന്നവരാണ് വൈറ്റ്ഹൗസില്‍ എത്തുക. 467 ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ജോ ബൈഡന്‍ 253 എണ്ണവും ഡൊണാള്‍ഡ് ട്രംപ് 214 എണ്ണവുമാണ് നേടിയത്.

അതിനിടെ, വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് പക്ഷം രംഗത്ത് വന്നത് പലയിടങ്ങളിലും സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ട്രംപ് അനുകൂലികള്‍ ഭീഷണിപ്പെടുത്തുന്നതായും വാര്‍ത്തകളുണ്ട്. വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായിട്ടില്ല.