ഓസ്ട്രിയന്‍ തലസ്ഥാനത്ത് ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

Posted on: November 3, 2020 7:33 am | Last updated: November 3, 2020 at 5:52 pm

വിയന്ന | ഓസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയില്‍ ഭീകരാക്രമണം. സെന്‍ട്രല്‍ വിയന്നയിലെ ആറിടങ്ങളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. സിനഗോഗാണോ അക്രമികള്‍ ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ല. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊറോണ വ്യാപനം തടയാന്‍ ഓസ്ട്രിയ പുതിയ ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം നടന്നത്. നവംബര്‍ അവസാനം വരെ അടച്ചിടാനിരിക്കെ ബാറുകളിലും റസ്റ്റോറന്റുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.

യൂറോപ്യന്‍ നേതാക്കള്‍ വെടിവെപ്പിനെ ശക്തമായി അപലപിച്ചു. ഭീകരാക്രമണം ആഴത്തില്‍ ഞെട്ടിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.