Connect with us

Articles

ഇടതുപക്ഷം - കോണ്‍ഗ്രസ്: പ്രതീക്ഷിക്കാമോ ബദൽ ?

Published

|

Last Updated

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന സി പി ഐ (എം) തീരുമാനം പ്രത്യേകിച്ച് അത്ഭുതമൊന്നുമുണ്ടാക്കുന്നില്ല. കോണ്‍ഗ്രസുമായുള്ള സഖ്യം അവരുമായി നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തില്‍ തിരിച്ചടിയുണ്ടാക്കാന്‍ ഇടയുണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക മൂലം ഔദ്യോഗികമാക്കാതിരുന്ന ഒന്ന്, ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. സി പി ഐ (എം) കേരള ഘടകത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ തന്നെയാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി അവര്‍ മത്സരിച്ചത്. തമിഴ്‌നാട്ടില്‍ ഡി എം കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലും ബിഹാറില്‍ രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ ജെ ഡി) നേതൃത്വത്തിലുള്ള മഹാസഖ്യത്തിലും കോണ്‍ഗ്രസുമായി കൈകോര്‍ത്താണ് സി പി ഐ (എം) അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഡി എം കെ സഖ്യത്തില്‍ തുടരാനും അസമില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാകാനും കഴിഞ്ഞ ദിവസം അവസാനിച്ച സി പി ഐ (എം) കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കേരളമൊഴികെ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സി പി ഐ (എം) തീരുമാനിച്ചിരിക്കുന്നുവെന്ന് പൊതുവില്‍ പറയാം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കാവുന്ന ശക്തി, കേരളമൊഴികെ സംസ്ഥാനങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ക്കില്ല എന്നതൊരു വസ്തുതയാണ്. ശക്തികേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും അവരേതാണ്ട് നിലനില്‍പ്പിനായുള്ള യുദ്ധത്തിലുമാണ്. എങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ മതനിരപേക്ഷ ശക്തികളെ യോജിപ്പിച്ച് നിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് സാധിച്ചേക്കും. ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും എ ബി ബര്‍ദനുമൊക്കെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് നടത്തിയതുപോലുള്ള നീക്കങ്ങള്‍ക്കുള്ള ത്രാണി ഇപ്പോഴത്തെ നേതൃത്വത്തിന് എത്രമാത്രമുണ്ടെന്ന സംശയം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇത് പറയുന്നത്. പഴയ പ്രതാപത്തിന്റെ നിഴല്‍ പോലുമില്ലെന്ന് ബോധ്യപ്പെടുകയും ബി ജെ പിയെയും അവരുടെ വാങ്ങല്‍ ശേഷിയെയും (മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയടക്കം നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് വാങ്ങിയെടുത്തത് പോലുള്ള) സംഘ്പരിവാരത്തിന്റെ തീവ്ര ഹിന്ദുത്വ അജന്‍ഡയെയും ഒറ്റക്ക് എതിര്‍ക്കുക എന്നത് സ്വപ്‌നം പോലുമല്ലെന്ന് മനസ്സിലാക്കുകയും ചെയ്ത കോണ്‍ഗ്രസ് പൂര്‍ണ മനസ്സാലേ ഇത്തരം സഖ്യങ്ങള്‍ക്ക് തയ്യാറാകുന്നുവെന്നതും ചെറിയ സംഗതിയല്ല. ബിഹാറില്‍ മഹാസഖ്യം രൂപവത്കരിച്ചപ്പോള്‍ ഇടത് പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നതിലും അവര്‍ക്ക് സീറ്റുകള്‍ കൈമാറുന്നതിലും കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച താത്പര്യം അതിന്റെ ലക്ഷണമാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ എന്ന ആശയം തുടക്കത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രാജസ്ഥാനില്‍ അത്യാവശ്യം വേരോട്ടമുള്ള സി പി ഐ (എം) കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകണമെന്ന അഭിപ്രായം ഉയരുകയും ചെയ്തു. എന്നാല്‍ ഒറ്റക്ക് ജയിക്കാമെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും സാമ്പത്തിക നയങ്ങളിലും മറ്റും കോണ്‍ഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങളിലൂന്നി സി പി ഐ (എം) പിന്നാക്കം നിന്നതും അന്ന് സഖ്യം ഇല്ലാതാക്കുകയായിരുന്നു. മൂന്നിടത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും, മതനിരപേക്ഷ പാര്‍ട്ടികളുടെ സഖ്യമുണ്ടായിരുന്നുവെങ്കില്‍ എം എല്‍ എമാരെ വിലക്കുവാങ്ങി അധികാരം തിരികെപ്പിടിക്കാന്‍ പാകത്തിലുള്ള ശക്തി ബി ജെ പിക്ക് ലഭിക്കുമായിരുന്നില്ല. മധ്യപ്രദേശില്‍ ബി ജെ പിയത് നടപ്പാക്കിക്കഴിഞ്ഞു. രാജസ്ഥാനില്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സി പി ഐ (എം) തീരുമാനത്തിന് ദേശീയ രാഷ്ട്രീയത്തെ വിശാലമായി എടുക്കുമ്പോള്‍ പ്രാധാന്യമുണ്ടെങ്കിലും അതിന്റെ ആഘാതം പശ്ചിമ ബംഗാളിലും കേരളത്തിലും എപ്രകാരമായിരിക്കുമെന്ന ശങ്ക അസ്ഥാനത്തല്ല. 2016ല്‍ ധാരണയില്‍ മത്സരിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലെ 294 സീറ്റില്‍ ഇടതുപക്ഷത്തിന് ലഭിച്ചത് 26 എണ്ണം മാത്രമാണ്. കോണ്‍ഗ്രസ് അപ്രതീക്ഷിതമായ നേട്ടമുണ്ടാക്കുകയും ചെയ്തു. 44 സീറ്റില്‍ ജയിച്ച അവര്‍ മുഖ്യ പ്രതിപക്ഷമായി. ഇടതുപക്ഷം കോണ്‍ഗ്രസിനെ സഹായിച്ച അതേ അളവില്‍ തിരികെ സഹായം ലഭിച്ചില്ലെന്ന തോന്നല്‍ ഇടതുപക്ഷത്തില്‍, പ്രത്യേകിച്ച് സി പി ഐ (എം)യില്‍ രൂപപ്പെടാന്‍ ഇത് കാരണമായി. അത്തരം സംശയങ്ങളുടെ തുടര്‍ച്ചയില്‍ കൂടിയാണ് പില്‍ക്കാലത്ത് ഇത്തരം ധാരണകള്‍ ഏതാണ്ട് ഇല്ലാതായത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ യോജിച്ച് നില്‍ക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കാതിരുന്നതുകൊണ്ട് കൂടിയാണ് ബദലെന്ന വ്യാജേന ബി ജെ പി ഇടമുണ്ടാക്കിയെടുത്തതും വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനം വര്‍ധിപ്പിച്ചതും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കാണുകയും ചെയ്തു. ആകെയുള്ള 42 സീറ്റില്‍ 22 ഇടത്ത് തൃണമൂല്‍ ജയിച്ചപ്പോള്‍ 18 എണ്ണത്തില്‍ ബി ജെ പി ജയിച്ചു.

കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റ്. ഇടതുപക്ഷം സംപൂജ്യരായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോള്‍ അത് തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ്. ഇതിനിടയില്‍ മത്സരിച്ച് സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ ഇടത് – കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കുമെന്ന് കരുതുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ മൗഢ്യമായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയായ ന്യൂനപക്ഷ വോട്ടുകളില്‍ കോണ്‍ഗ്രസ് – ഇടത് സഖ്യം വിള്ളലുണ്ടാക്കിയാല്‍ അത് ബി ജെ പിക്ക് ഗുണകരമാകുമെന്ന അപകടവുമുണ്ട്.

34 വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം, അക്രമോത്സുകരായ അധികാര ദല്ലാളുമാരുടെ പുതിയ വര്‍ഗത്തെ സൃഷ്ടിച്ചിരുന്നു. അവരെ ചെറുക്കാന്‍ പാകത്തിലൊരു ശക്തിയായി തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ന്നതോടെയാണ് അധികാര മാറ്റമുണ്ടായത്. പക്ഷേ, അധികാര മാറ്റത്തോടെ, അക്കാലം വരെ സി പി ഐ (എം)ക്കൊപ്പം നിന്നിരുന്ന അധികാര ദല്ലാളുമാര്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസാകുകയും അവരുടെ വേട്ട തുടരുകയും ചെയ്തു. ഇതിനെ ചെറുക്കാനോ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാനോ സാധിക്കാത്ത വിധം സി പി ഐ (എം)യുടെ സംഘടനാ സംവിധാനം തകര്‍ന്നു. മമതാ ബാനര്‍ജി 2016ല്‍ വീണ്ടും അധികാരത്തിലെത്തിയതോടെ തൃണമൂലിനെ രാഷ്ട്രീയമായി നേരിടാന്‍ ശേഷിയില്ലാത്തവരായി ഇടതുപക്ഷവും കോണ്‍ഗ്രസും മാറി. ആ ഒഴിവിലാണ് ബി ജെ പി കടന്നുകയറിയത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ മനംമടുത്തവരൊക്കെ ബി ജെ പിയെ ആശ്രയമായി കണ്ടു. മമതാ സര്‍ക്കാര്‍ മുസ്‌ലിം പ്രീണനമാണ് നടത്തുന്നത് എന്ന പ്രചാരണം ശക്തമാക്കിക്കൊണ്ട് വര്‍ഗീയമായ ധ്രുവീകരണം ആഴത്തിലാക്കാനുള്ള സംഘ്പരിവാര്‍ ശ്രമവും ഫലം കണ്ടു. അതിന്റെ ഗുണമാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ പ്രചാരണത്തിന് ആക്കം കൂട്ടുന്നുണ്ട് സംഘ്പരിവാരം. തൃണമൂലിനെ അട്ടിമറിച്ച് ബി ജെ പി അധികാരം പിടിക്കുമെന്ന പ്രതീതി അവിടെ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ തൃണമൂലിന് ബദലായി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ പാകത്തിലേക്ക് കോണ്‍ഗ്രസ് – ഇടത് സഖ്യം വന്നാല്‍, ബി ജെ പിയിലേക്ക് ചാഞ്ഞ വലിയൊരു ജനവിഭാഗത്തിന്റെ തിരിച്ചുവരവിന് സാധ്യതയുണ്ട്. പൗരത്വ നിയമ ഭേദഗതിക്കും കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെയുമൊക്കെ സംഘടിപ്പിച്ച സമരങ്ങളിലൂടെ സി പി ഐ (എം) അവരുടെ സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതില്‍ തൃണമൂല്‍ സര്‍ക്കാറിനുണ്ടായ വലിയ വീഴ്ച ആയുധമാക്കാനും അവര്‍ക്കായി. ലോക്ക്ഡൗണ്‍ കാലത്തെ സന്നദ്ധ പ്രവര്‍ത്തനവും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനുള്ള ആത്മവിശ്വാസം അവര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് – ഇടത് സഖ്യം ബലവത്താകുകയും അത് താഴേത്തലം മുതല്‍ പ്രതിഫലിക്കുകയും ചെയ്താല്‍ ബി ജെ പിയിലേക്കുള്ള ഒഴുക്കിന് തടയിടാന്‍ അവര്‍ക്ക് സാധിച്ചേക്കും. അതിന്റെ ഗുണം 2021ല്‍ ഇരുകക്ഷികളും പ്രതീക്ഷിക്കരുതെന്ന് മാത്രം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest