സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ നവംബര്‍ 15വരെ നീട്ടി

Posted on: October 31, 2020 6:06 pm | Last updated: November 1, 2020 at 8:43 am

കൊച്ചി | കൊവിഡ് വ്യപാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിപ്പിക്കെ ഒമ്പത് ജില്ലകളില്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. നവംബര്‍ 15വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, കൊല്ലം, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍മാരാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. സി ആര്‍ പി സി 144 പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു നിരോധനജ്ഞ പ്രഖ്യാപിച്ചത്.
നിരോധനാജ്ഞയുള്ള ജില്ലകളില്‍ പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ കൂടിച്ചേരുന്നതിന് നിരോധനമുണ്ട്. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നീ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ കൂടിച്ചേരാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്മെന്റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പൊതുചന്തകള്‍ അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളെല്ലാം നടപ്പായോവെന്ന് പോലീസ് ഉറപ്പ് വരുത്തണം.