രണ്ട് ദിവസത്തെ സി പി എം കേന്ദ്ര കമ്മിറ്റിക്ക് ഇന്ന് തുടക്കം

Posted on: October 30, 2020 7:20 am | Last updated: October 30, 2020 at 10:07 am

ന്യൂഡല്‍ഹി | കേരളത്തിലേയും ബംഗാളിലേയും നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനായി സി പി എം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും നാളേയുമായി ചേരും. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന ഘടകം തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന കേന്ദ്രകമ്മിറ്റി തുടര്‍ന്ന് പ്രഖ്യാപനം നടത്തിയേക്കും. കൂടാതെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ ബി ജെ പി നടത്തുന്ന നീക്കങ്ങളും ചര്‍ച്ചയാകും. കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായതിലുള്ള പ്രതികരണങ്ങളും ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട രാതികളും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാകും.

കേരളത്തില്‍ സര്‍ക്കാറിനെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നതെന്നാണ് പി ബി വിലയിരുത്തല്‍. ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് യെച്ചൂരി പ്രതികരിച്ചത്. അന്വേഷണത്തിലൂടെ വസ്തുതകള്‍ വരട്ടെയന്നും പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടെ എന്ന നിലപാടും യെച്ചൂരി ആവര്‍ത്തിച്ചിരുന്നു.