കേരളപ്പിറവി ദിനത്തില്‍ വഞ്ചനാ ദിനം ആചരിക്കുമെന്ന് യു ഡി എഫ്

Posted on: October 29, 2020 4:03 pm | Last updated: October 29, 2020 at 4:03 pm

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍.
നിയമത്തിന്റെ കരങ്ങള്‍ മുഖ്യമന്ത്രിയെയും വലിഞ്ഞുമുറുക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് അറിയില്ല. മുഖ്യമന്ത്രിയും ആരോപണ വിധേയരായ മന്ത്രിമാരും പദവിയൊഴിയണം. പ്രതിഷേധത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് യു ഡി എഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്നും ഹസ്സന്‍ അറിയിച്ചു.

അതിനിടെ, സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു മാത്രമല്ല സംസ്ഥാന മന്ത്രിസഭയിലെ രണ്ടു പേര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ശിവശങ്കറില്‍ നിന്നു തന്നെ വരും ദിവസങ്ങളില്‍ ഈ വിവരങ്ങള്‍ വെളിച്ചത്താകും. അന്വേഷണ സംഘങ്ങള്‍ക്ക് ഇതുസംബന്ധിച്ച് അറിയാമെന്നതുകൊണ്ട് താന്‍ തെളിവ് നല്‍കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയാണ് സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരന്‍. അദ്ദേഹത്തിന്റെ അറിവോടെയാണ് തട്ടിപ്പുകളെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് സംഘം നിരന്തരം കയറിയിറങ്ങിയിരുന്നുവെന്നത് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും ബി ജെ പി നേതാവ് ചോദിച്ചു.