Connect with us

Kerala

ശിവശങ്കര്‍ രോഗലക്ഷണം മാത്രം, രോഗം പിണറായി വിജയന്: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലാതായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലു വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭരിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അറസ്റ്റിലായിരിക്കുന്നത്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്നത്. മറ്റു വകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കര്‍ ഇതിലെ ഒരു കണ്ണി മാത്രമാണ്.

കൊവിഡ് കാലം പോലും മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകും. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ്. രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതും ഇതാദ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

Latest