രണ്ടര കോടിയോളം വരുന്ന മെഴ്‌സിഡസ് കാര്‍ കത്തിച്ച് യുട്യൂബര്‍

Posted on: October 28, 2020 6:23 pm | Last updated: October 28, 2020 at 6:25 pm

മോസ്‌കോ | വ്യത്യസ്ത ഉള്ളടക്കങ്ങള്‍ പരീക്ഷിക്കുന്നതില്‍ എപ്പോഴും ബദ്ധശ്രദ്ധരാണ് യുട്യൂബര്‍മാര്‍. വ്യത്യസ്തതയെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് തന്നെ കാരണം. ഇത്തരത്തില്‍ വ്യത്യസ്തത കുറച്ചുകൂടിപ്പോയോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തില്‍ യുട്യൂബില്‍ തരംഗമായിരിക്കുകയാണ് റഷ്യക്കാരന്‍ മിഖെയ്ല്‍ ലിത്വിന്‍.

തന്റെ ആഡംബര കാറാണ് ഉള്ളടക്ക വ്യത്യസ്തതക്ക് വേണ്ടി മിഖെയ്ല്‍ ബലികഴിപ്പിച്ചത്. ഭ്രാന്തന്‍ ആശയമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ 2.4 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എ എം ജി ജി ടി 63 എസ് ആണ് മിഖെയ്ല്‍ തീയിട്ട് നശിപ്പിച്ചത്. വാങ്ങിയതിന് ശേഷം നിരവധി തവണ വഴിയില്‍ കുടുങ്ങിയതാണ് ഈ കടുംകൈക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഔദ്യോഗിക ഡീലര്‍ഷിപ്പില്‍ നിന്ന് വാഹനം വാങ്ങിയതിന് ശേഷം അഞ്ച് തവണയാണ് കാര്‍ അറ്റകുറ്റപ്പണി നടത്തിയത്. 40 ദിവസത്തിലേറെ അറ്റകുറ്റപ്പണിക്ക് വിധേയമായി. ഒടുവില്‍ വീണ്ടും കേടുവന്നതോടെ ഡീലര്‍ കൈയൊഴിഞ്ഞു. തന്റെ ഫോണ്‍കോള്‍ ഡീലര്‍ സ്വീകരിക്കാത്ത നിലവന്നതോടെയാണ് കാര്‍ കത്തിക്കാന്‍ തീരുമാനിച്ചതത്രെ.

ഏതായാലും ഒഴിഞ്ഞ പാടത്ത് വെച്ച് പെട്രോള്‍ ഒഴിച്ച് മെഴ്‌സിഡസ് അദ്ദേഹം കത്തിച്ചു. കത്തിക്കുന്ന വീഡിയോ യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ 1.1 കോടി പ്രാവശ്യമാണ് യുട്യൂബില്‍ ഈ വീഡിയോ കണ്ടത്. 50 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് മിഖെയ്‌ലിനുള്ളത്. വീഡിയോ കാണാം:

ALSO READ  പുതുവത്സരാഘോഷത്തിന് റോബോട്ട് ഡാന്‍സുമായി അമേരിക്കന്‍ കമ്പനി