ഹിസ്ബുള്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍ ഉള്‍പ്പെടെ 18 പേരെ കേന്ദ്രം ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

Posted on: October 27, 2020 9:35 pm | Last updated: October 28, 2020 at 8:13 am

ന്യൂഡല്‍ഹി |  ഹിസ്ബുള്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ റിയാസ് ഭട്കല്‍, ഇക്ബാല്‍ ഭട്കല്‍ എന്നിവരടക്കം 18 പേരെ കേന്ദ്ര സര്‍ക്കാര്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

യുഎപിഎ നിയമപ്രകാരം ഭീകരരായി പ്രഖ്യാപിക്കപ്പെട്ട 18 പേരുടെ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ലശ്കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ശെ ഇ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടകളുടെ നേതാക്കളേയും ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരേയുമാണ് ഭീകരരായി പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ സാജിദ് മിര്‍, യൂസഫ് മുസമ്മില്‍, ജെയ്ശെ നേതാവ് ഇബ്രാഹിം അത്തര്‍, യൂസഫ് അസ്ഹര്‍, റൗഫ് അസ്ഖര്‍ ,ദാവൂദിന്റെ പ്രധാന സഹായികളായ ഛോട്ടാ ശക്കീല്‍, അനീസ് ഷയ്ഖ്, ടൈഗര്‍ മേമന്‍ എന്നിവരും ഭീകരരുടെ പട്ടികയിലുണ്ട്.

വിദേശകാര്യമന്ത്രാലയമാണ് കൂടുതല്‍ പേരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.