ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു

Posted on: October 25, 2020 12:12 am | Last updated: October 25, 2020 at 12:12 am

പറ്റ്‌ന | ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വതന്ത്ര സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു. ഷിയോഹര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ നാരായണ്‍ സിംഗ് ആണ് മരിച്ചത്. ഒക്ടോബര്‍ 28ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടവോട്ടെടുപ്പിനു മുന്നോടിയായി ഷിയോഹാറില്‍ പ്രചാരണം നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ നാരായണ്‍ സിങ്ങിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ജനങ്ങള്‍ക്കിടയില്‍ വെച്ചാണ് നാരായണ്‍ സിംഗിന് വെടിയേറ്റത്. നെഞ്ചില്‍ വെടിയുണ്ടകള്‍ പതിച്ചതിനെ തുടര്‍ന്ന് സഹായികള്‍ നാരായണ്‍ സിങ്ങിനെ ഷെയോഹര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സീതാമര്‍ഹിയിലെ സ്വകാര്യ നന്ദിപത് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും വഴി മധ്യേ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

സിങ്ങിന്റെ രണ്ട് കൂട്ടാളികള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇവര്‍ സിതാമര്‍ഹി, ഷിയോഹര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. 10-15 സായുധരായ ആളുകള്‍ നാരായണ്‍ സിംഗിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.