മുസ്‌ലിം ലീഗിനെ നയിക്കുന്നത് ജമാഅത്ത് പ്രത്യയശാസ്ത്രം: കോടിയേരി

Posted on: October 23, 2020 6:14 pm | Last updated: October 24, 2020 at 7:23 am

തിരുവനന്തപുരം | ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ് മുസ്ലിം ലീഗിനെ നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയവരുമായി മുന്നണിയുണ്ടാക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ജമാ അത്തേ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന നിലയിലാണ് മുസ്ലിം ലീഗുള്ളത്. അവരെ നയിക്കുന്നത് ജമാഅത്ത് പ്രത്യയശാസ്ത്രമാണ്. യുഡിഎഫിനെ ഇത്ര കാലം നയിച്ചവരില്‍ നിന്നും മാറി അത് ചെന്നിത്തലയും എംഎം ഹസനുമൊക്കെയായിരിക്കുന്നു. ആര്‍എസ്എസിന് അവസരം സൃഷ്ടിക്കാനാണ് ഈ പുതിയ കൂട്ടുകെട്ട് സഹായിക്കുന്നത്. ആര്‍സ്എസുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കാന്‍ തിരുവഞ്ചൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചര്‍ച്ച നടത്തി. രഹസ്യ ബാന്ധവത്തിന്റെ ഭാഗമാണിതെന്ന് കോടിയേരി പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ചെന്നിത്തല രാഹുലിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഹൈക്കമാന്റിനെ തള്ളാന്‍ ചെന്നിത്തല സന്നദ്ധമായത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷ കേരളം സംരക്ഷിക്കാനാണ് ഇടതുജനാധിപത്യ മുന്നണി കേരളത്തോട് അഭ്യര്‍ഥിക്കുന്നത്. യുഡിഎഫിനോട് അടുത്തുനില്‍ക്കുന്നവര്‍ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി നിന്നാല്‍ സിപിഐ എമ്മും എല്‍ഡിഎഫും അവരുമായി സഹകരിക്കും. ഇന്നത്തെ ഇടതിനെ കൂടുതല്‍ വിപുലീകരിക്കാന്‍ നിലവിലെ രാഷ്ട്രീയം സഹായിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.