കാട്ടുപന്നികളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി സംസ്ഥാനം

Posted on: October 22, 2020 4:34 pm | Last updated: October 22, 2020 at 4:34 pm

തിരുവനന്തപുരം | കാട്ടുപന്നിയെ ക്ഷുദ്രജീവി ഇനത്തില്‍ ഉള്‍പ്പെടുത്തി കൂട്ടത്തോടെ നശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഉത്തരവ് നല്‍കിയെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ കേരളത്തിലെ കര്‍ഷകരടക്കം വര്‍ഷങ്ങളായി നേരിടുന്ന വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകും.

കാട്ടുപന്നിയെ ശല്യക്കാരിയായ മൃഗം ആയി പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വനം വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തേ നിര്‍ദേശം നല്‍കിയെങ്കിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു.

സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. ഇപ്പോള്‍ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാന്‍ ഉത്തരവ് നല്‍കി. കേന്ദ്രാനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.