Connect with us

National

വികസിത രാജ്യങ്ങളിലെ വിവാഹ പ്രായം

Published

|

Last Updated

ന്യൂഡൽഹി | വികസിത രാജ്യങ്ങളിൽ മിക്കതിലും വിവാഹ പ്രായം പുരുഷനും സ്ത്രീക്കും തുല്യമാണ്. അമേരിക്കയിൽ 18 വയസ്സാണ് വിവാഹ പ്രായം. ബ്രിട്ടനിൽ 16 വയസ്സാണ് വിവാഹ പ്രായം. ആസ്‌ത്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, മെക്‌സികോ, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിയമപരമായ വിവാഹ പ്രായം 18 ആണ്. ചൈനയിൽ സ്ത്രീക്ക് 20ഉം പുരുഷന് 22ഉം ആണ്. ജപ്പാനിൽ 20 വയസ്സ് പൂർത്തിയായവർക്കാണ് വിവാഹത്തിന് അനുമതി.

ഫിലിപ്പൈൻസ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കും 21 ആണ്. ന്യൂസിലാൻഡിൽ 18 വയസ്സാണ് വിവാഹിതരാകാൻ വേണ്ട കുറഞ്ഞ പ്രായം.



വിവാഹ പ്രായം: ആശയക്കുഴപ്പം പടർത്തി അഭ്യൂഹം

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന വ്യാജ പ്രചാരണങ്ങൾ ആശയക്കുഴപ്പത്തിനിടയാക്കുന്നു. വിവാഹ പ്രായപരിധി ഉയർത്തുന്നത് പരിശോധിക്കുന്നതിനായി രൂപവത്കരിച്ച വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയെന്ന പേരിൽ അടുത്ത മാസം നാലിന് വിവാഹ പ്രായപരിധി ഉയർത്തുന്ന പ്രഖ്യാപനമുണ്ടാകുമെന്ന രീതിയിൽ വ്യാജ പ്രചാരണം നടക്കുന്നത്. നവംബറിലും അതിന് ശേഷവും വിവാഹം നിശ്ചയിച്ച പെൺകുട്ടികളുടെ രക്ഷിതാക്കളാണ് ഇതോടെ ആശയക്കുഴപ്പത്തിലായത്.
നിലവിലെ നിയമമനുസരിച്ച് വരന് 21 ഉം വധുവിന് 18ഉം ആണ് പ്രായം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്‌ലി കമ്മിറ്റിയുടെ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. നേരത്തേ ജൂലൈ 31ന് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നീണ്ടുപോയി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പെൺമക്കളുടെ വിവാഹത്തിന് അനുയോജ്യമായ പ്രായം എന്തായിരിക്കണമെന്ന് തീരുമാനിക്കാൻ സുപ്രധാനമായ ചർച്ചകൾ നടക്കുന്നുണ്ട്. സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ചും സർക്കാർ എപ്പോൾ തീരുമാനമെടുക്കുമെന്നും ചോദിച്ച് രാജ്യമെമ്പാടുമുള്ള സ്ത്രീകളിൽ നിന്ന് തനിക്ക് കത്തുകൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

നിയമ ഭേദഗതി വേണം

ബാലവിവാഹ നിയന്ത്രണ നിയമത്തിൽ 1978ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് വിവാഹ പ്രായം പുരുഷൻമാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം ആക്കി നിശ്ചയിച്ചത്. സ്ത്രീകളുടെ പ്രായം ഉയർത്തണമെങ്കിൽ നിയമ ഭേദഗതി ആവശ്യമായി വരും. സ്‌പെഷ്യൽ മാരേജ് ആക്ടിലും ഭേദഗതി വേണ്ടിവരും. രാജ്യത്ത് നിയമം പ്രാബല്യത്തിലാകണമെങ്കിൽ പാർലിമെന്റിൽ ഇതുസംബന്ധമായി ബിൽ അവതരിപ്പിക്കുകയും പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും വേണം. അതേസമയം, സർക്കാറിന് അടിയന്തര സ്വഭാവത്തിൽ ഓർഡിനൻസ് ഇറക്കി നിയമം നിർമിക്കാൻ സാധിക്കും. എന്നാൽ, ആറ് മാസത്തിനുള്ളിൽ ഇത് പാർലിമെന്റിൽ അവതരിപ്പിച്ച് അംഗീകാരം നേടണം.
വിവാഹ പ്രായം ഉയർത്താൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ സാങ്കേതിക നടപടികൾ എന്ന് പൂർത്തിയാകുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വേഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നത് വിവിധ മത, ജാതി വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തരുതെന്ന ആവശ്യവുമായി വിവിധ ഹിന്ദു സംഘടനാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.