Connect with us

Ongoing News

കൂടുതൽ സമയം ഓഫ്‌ലൈനാകുക

Published

|

Last Updated

സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാൻ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. പ്രതികരണശേഷി നഷ്ടമാകുന്ന നമ്മുടെ സമൂഹത്തിനു മനസ്സ് തുറന്നു പ്രതികരിക്കാനും ആശയങ്ങൾ പങ്കുവെക്കാനും സമൂഹമാധ്യമങ്ങൾ സഹായിക്കുന്നുണ്ട്. എന്നാൽ, അതിനുവേണ്ടി ഉപയോഗിക്കുന്ന സമയമാണ് പ്രധാനം. സമൂഹമാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്നവർ ചില അച്ചടക്കങ്ങൾ പാലിക്കുന്നത് നല്ലതാണ്.

പുതിയ ലോകത്തിന്റെ പരിച്ഛേദമാണ് സോഷ്യൽ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലുമുണ്ടാകുന്ന പ്രധാന പരിമിതി. ഓരോ ദിവസവും മണിക്കൂറുകൾ സോഷ്യൽ മീഡിയയിൽ ചെലവഴിച്ച് ശരീരത്തിന്റെ ഒരവയവംപോലെ ഒഴിച്ചുമാറ്റാൻപറ്റാതെ, സമൂഹത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ, മാനസികപ്രശ്‌നം അനുഭവിക്കുന്നവർ നമുക്കിടയിലുണ്ട്. സ്വയം വളരാനും ചിന്തിക്കാനും അറിവുനേടാനും അത് പകർന്നുനൽകാനും സ്വഭാവരൂപവത്കരണത്തിനും നല്ല ബന്ധങ്ങൾ ഉണ്ടാക്കാനുമുള്ള വേദിയാണ് സോഷ്യൽ മീഡിയ. എന്നാൽ, പകലോ രാത്രിയോ എന്നില്ലാതെ ഒരുമുറിക്കുള്ളിൽ മുഴുസമയം ഇതിന് മുന്നിൽ തലതാഴ്ത്തിയിരുന്ന് സ്വയം നഷ്ടപ്പെടുത്തുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്. നിങ്ങൾക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും എല്ലാവർക്കും ഒരേപോലെ വിധിക്കപ്പെട്ട ഒറ്റ വിഭവമേ ഉള്ളൂ. അത് സമയമാണ്. സമയത്തെ ആര് ഭംഗിയായി ഉപയോഗിക്കുന്നോ, അവർ വിജയിക്കുന്നു എന്നതാണ് സത്യം. ആ സമയത്തിന്റെ വിലപോലും സമൂഹമാധ്യമങ്ങളുടെ വലയത്തിൽ ഇന്ന് പലരും തിരിച്ചറിയുന്നില്ല.

തലയുയർത്തിപ്പടിച്ചു നടക്കേണ്ട ഇന്നത്തെ യുവതലമുറയെ തലതാഴ്ത്തി നിർത്തുന്ന സമൂഹമാധ്യമങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുത്. പലപ്പോഴും തലതാഴ്ത്തി പുസ്തകങ്ങൾ വായിക്കുന്ന എട്ടും പത്തും വയസ്സുള്ള കുട്ടികളെ കാണുമ്പോൾ സന്തോഷമാണ്. എന്നാൽ അവർ വായിക്കുന്നത് അറിവുനേടാനുള്ള പുസ്തകമല്ല, മറിച്ച് മൊബൈൽഫോണിലെ കമന്റുകളാണെന്നറിയുമ്പോൾ മനസ്സിലാക്കുന്നു നമ്മൾ നമ്മുടെ സംസ്‌കാരത്തെ, നമ്മുടെ പൈതൃകത്തെ മറന്നുകൊണ്ടിരിക്കുന്നുവെന്ന്.

കുടുംബങ്ങൾ സമൂഹത്തിന്റെ ആണിക്കല്ലായ കേരളീയ സമൂഹത്തിൽ പല കുടുംബങ്ങളുടെയും അടിത്തറയിളകുന്നതും സമൂഹമാധ്യമങ്ങൾ കാരണമാണ്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മാനസികാരോഗ്യം മോശമാക്കാമെന്ന് ഫേസ്ബുക്ക് നേരത്തെ സമ്മതിച്ചതാണ്. വിവരങ്ങൾ ശേഖരിക്കുന്നതിനായി അധികസമയം ഫേസ്ബുക്കിൽ ചെലവിടുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഫേസ്ബുക്കിന് വേണ്ടി പഠനം നടത്തിയ ഗവേഷകർ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. “സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം യുവാക്കളെ വൈകാരികമായി വലിയ തോതിൽ ബാധിക്കുമെന്നതിൽ സംശയം വേണ്ട.” ഫേസ്ബുക്ക് ഉപയോഗത്തിന് ഗുണപരമായ നിരവധി വശങ്ങളുമുണ്ടെന്ന് പഠനം നടത്തിയ ഡേവിഡ് ഗിൻസ്ബർഗ്, മൊയ്‌റ ബൂർക് എന്നിവർ പറയുന്നു. കൂടുതൽ പേരുമായുള്ള ആശയവിനിമയം, സുഹൃത്തുകളുമായി സന്ദേശങ്ങൾ കൈമാറൽ, പോസ്റ്റുകൾ, കമന്റുകൾ, ചർച്ച ഇതെല്ലാം മാനസികമായി ഗുണം ചെയ്യുമെന്നാണ് ഇവരുടെ വിലയിരുത്തൽ. സ്വന്തം പ്രൊഫൈലിലൂടെ ആത്മവിശ്വാസം കണ്ടെത്തുന്നവരുണ്ട്. എന്നാൽ, വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തെ അമിത സോഷ്യൽ മീഡിയ ഉപയോഗം തടസ്സപ്പെടുത്തുന്നുണ്ട് എന്നതും മറ്റൊരു വസ്തുതയാണ്.

ഗൂഗിൾ തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറക്കുമെന്ന പഠനവും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. നിക്കോളാസ് കാറിന്റെ “ദ ഷാലോസ്: വാട്ട് ദ ഇന്റർനെറ്റ് ഈസ് ഡൂയിംഗ് ടു ഔർ ബ്രെയിൻസ്” എന്ന പുസ്തകത്തിലാണ് ഗൂഗിൾ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗൂഗിളിനെ അമിതമായി ആശ്രയിക്കുന്നതിലൂടെ അത് നിങ്ങളുടെ ഓർമശക്തി കുറക്കുമെന്നും കാർ പറയുന്നു. ഗൂഗിളിന്റെ അമിതോപയോഗം മൂലം തലച്ചോറിലെ എല്ലാ ഭാഗങ്ങളും പ്രവർത്തനക്ഷമമാകുന്നില്ല, തലച്ചോറിന്റെ ബുദ്ധിപരമായ പ്രവർത്തനങ്ങളെ അത് മന്ദീഭവിപ്പിക്കുന്നു-ഇതൊക്കെയാണ് നിക്കോളാസിന്റെ കണ്ടെത്തലുകൾ. അതുകൊണ്ട് സോഷ്യൽ മീഡിയ വളരെ കരുതലോടെ മാത്രം ഉപയോഗിക്കുക. അതിനായി കൃത്യമായ സമയം നിശ്ചയിക്കുക. അനാവശ്യമായി ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താതിരിക്കുക. ജീവിതത്തിലെ കൂടുതൽ സമയവും ഓഫ്‌ലൈനാകുക.

Latest