Connect with us

Articles

പട്ടിണിയില്‍ പൂണ്ട് ഇന്ത്യ

Published

|

Last Updated

സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ. നിര്‍മാണത്തിന് ചെലവിട്ടത് 3,000 കോടി രൂപ. പ്രതിമയുടെ അനാച്ഛാദനത്തോട് അനുബന്ധിച്ച് പത്ര – ദൃശ്യ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് ചെലവിട്ടത് 2.64 കോടി രൂപ. ഇതര പരസ്യങ്ങള്‍ക്കും വര്‍ണശബളമായ അനാച്ഛാദനച്ചടങ്ങിനും ചെലവിട്ട തുക പുറമെ. “എന്നാ മുട്ടന്‍ പ്രതിമാടാ ഉവ്വേ…” എന്ന് അത്ഭുതം കൂറാന്‍ കോടിക്കണക്കായ ആളുകള്‍ എത്തുമെന്നും അതുവഴി വലിയ വരുമാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. ആ വരുമാനം പ്രതിമയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും മറ്റ് സൗകര്യങ്ങളൊരുക്കാനും തികയുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

യു എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച കുപ്പായത്തിന് വില കണക്കാക്കിയത് 10 ലക്ഷം രൂപയാണ്. കുപ്പായം പിന്നീട് ലേലത്തിന് വെച്ചപ്പോള്‍ 4.3 കോടി രൂപക്ക് വിറ്റുപോയെന്നും ആ തുക, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ക്കൂട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാള്‍ 2017ല്‍ ചൂണ്ടിക്കാട്ടിയ സംഗതി കുറേക്കൂടി രസകരമാണ്. നമ്മുടെ പ്രധാനമന്ത്രി ഒരു ഡ്രസ്, ഒരു തവണ മാത്രമേ ധരിക്കുന്നുള്ളൂ. ദിവസം അഞ്ച് തവണയെങ്കിലും കുപ്പായം മാറ്റുന്നുണ്ട്. അദ്ദേഹം ധരിക്കുന്ന ഒരു ജോഡി ഡ്രസ്സിന് ഏതാണ്ട് രണ്ട് ലക്ഷം രൂപ വിലവരും. അങ്ങനെയെങ്കില്‍ ദിവസത്തില്‍ ഡ്രസ്സിന് വേണ്ടിവരുന്നത് പത്ത് ലക്ഷം രൂപ. പ്രധാനമന്ത്രിക്കസേരയില്‍ 700 ദിവസം തികച്ചത് (2017ലെ കണക്ക്) കണക്കിലെടുത്താല്‍ വേഷവിധാനങ്ങള്‍ക്ക് മാത്രം നമ്മുടെ പ്രധാനമന്ത്രി 70 കോടി രൂപ ചെലവിട്ടിട്ടുണ്ട്! – ഇതാണ് അരവിന്ദ് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയത്. ഡല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ആകെ ചെലവിട്ടതിനേക്കാള്‍ കൂടിയ തുക ഡ്രസ്സിന് വേണ്ടി നരേന്ദ്ര മോദി ചെലവിട്ടുവെന്ന് പറയാനാണ് കെജ്‌രിവാള്‍ ഇത് പറഞ്ഞത്.

ഇപ്പറഞ്ഞതില്‍ വസ്തുത എത്രത്തോളമെന്ന് വ്യക്തമല്ല. ബരാക് ഒബാമ വന്നപ്പോള്‍ ധരിച്ച സ്യൂട്ടിന്റെ വില നോക്കുമ്പോള്‍ കെജ്‌രിവാള്‍ പറഞ്ഞത് അത്രത്തോളം അതിശയോക്തിയാകാന്‍ തരമില്ല. പ്രതിമ നിര്‍മാണത്തിന് മൂവായിരം കോടി ചെലവിടാന്‍ മടിക്കാത്ത സര്‍ക്കാറും വേഷവിധാനത്തിന് ദശകോടികള്‍ ചെലവിടാന്‍ മടിക്കാത്ത നേതാവുമുള്ള രാജ്യം വിശക്കുന്ന വയറുകളെ അത്രത്തോളം കരുതുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കൊറോണ വൈറസ് പടരുകയും രോഗബാധിതരുടെ എണ്ണം പെരുകുകയും ചെയ്തപ്പോള്‍ യാതൊരു മുന്നൊരുക്കവും കൂടാതെ രാജ്യമാകെ അടച്ചിടല്‍ പ്രഖ്യാപിച്ചു നരേന്ദ്ര മോദി. അടച്ചിടല്‍ ഘട്ടംഘട്ടമായി നീക്കി വരുന്നതേയുള്ളൂ. മുന്നറിയിപ്പൊന്നും കൂടാതെ അടച്ചിട്ടപ്പോള്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നമ്മള്‍ കണ്ടു. നഗരങ്ങളില്‍ ചെറിയ തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഇവര്‍ നാടുകളില്‍ തിരിച്ചെത്തിയിട്ട് എങ്ങനെ പട്ടിണി കൂടാതെ ജീവിക്കുമെന്ന, അന്നുയര്‍ന്ന ചോദ്യം വലുപ്പം നഷ്ടപ്പെടാതെ ഇന്നും നമ്മുടെ മുന്നിലുണ്ട്.

കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്, പട്ടിണിയെ ഒരു പരിധിവരെ തടഞ്ഞിട്ടുണ്ടാകും. അരിയും പയറും കൊണ്ടുമാത്രം ജീവിക്കാനാകില്ലല്ലോ? അരിയും പയറും കൊണ്ടുമാത്രം കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനാകില്ലല്ലോ? അരിയും പയറുമല്ലാതെയുള്ള ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തിരുന്നു കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അങ്കൺവാടികളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കിയിരുന്ന പോഷകാഹാരം വീടുകളിലെത്തിക്കാനും സംവിധാനമൊരുക്കിയിരുന്നു. അത് പൂര്‍ണമായി നടന്നിട്ടുണ്ടോ എന്നതിലും ഇപ്പോള്‍ നടക്കുന്നുണ്ടോ എന്നതിലും സംശയമുണ്ട്. എങ്കിലും കുട്ടികള്‍ക്ക് പോഷകാഹാരത്തിന്റെ കുറവുണ്ടാകരുതെന്ന് ആലോചിക്കുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടായെന്നതും അതിന് സംവിധാനമൊരുക്കാന്‍ അവര്‍ തയ്യാറായെന്നതും ചെറുതായി കണ്ടുകൂടാ. ഇന്ത്യന്‍ യൂനിയനിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്തരത്തില്‍ എന്തെങ്കിലും ആലോചിച്ചതായോ നടപ്പാക്കിയതായോ അറിയില്ല.
കൊവിഡ് വ്യാപനം കുറയുകയാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, അടച്ചതൊക്കെ ഘട്ടംഘട്ടമായി തുറക്കുന്നുണ്ടെങ്കിലും രാജ്യം പഴയ സ്ഥിതിയിലേക്ക് എത്തണമെങ്കില്‍ ഇനിയും മാസങ്ങളെടുക്കും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയുടെ പരിസരങ്ങളില്‍ ദീര്‍ഘകാലം കഴിയേണ്ടി വരുമെന്ന് ചുരുക്കം. വിശപ്പ്, പ്രധാനപ്പെട്ട പ്രശ്‌നാണ് ഇന്ത്യന്‍ യൂനിയനിലെന്ന് തിരിച്ചറിയുന്നവരെ തീര്‍ത്തും അസ്വസ്ഥപ്പെടുത്തുന്നതാണ് ഈ സാഹചര്യം. അവിടേക്കാണ് അയര്‍ലാന്‍ഡിലെയും ജര്‍മനിയിലെയും ഏജന്‍സികള്‍ ചേര്‍ന്ന് വിശപ്പിന്റെ കണക്കുകള്‍ അവതരിപ്പിക്കുന്നത്. വിശപ്പടക്കാന്‍ തത്രപ്പെടുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുമ്പിലാണ് ഇന്ത്യയെന്നതാണ് അവരുടെ കണ്ടെത്തല്‍. ആകെ 107 രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ 94ാം സ്ഥാനത്താണ്, 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവ് ഭരിക്കുന്ന ഇന്ത്യന്‍ യൂനിയന്‍. ജനങ്ങളുടെ വിശപ്പകറ്റാന്‍ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാനും ശ്രീലങ്കയുമൊക്കെ നമ്മുടെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ട്. താഴേയുള്ളത് ഉത്തര കൊറിയയും റുവാണ്ടയുമൊക്കെ അടക്കം ഏതാനും രാജ്യങ്ങള്‍ മാത്രം.

ആരോഗ്യമുള്ള വളര്‍ച്ചക്ക് ഉതകും വിധത്തിലുള്ള ആഹാരം ലഭിക്കാതിരിക്കുക, അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഉയരത്തിന് അനുസരിച്ചുള്ള ഭാരം ഇല്ലാതിരിക്കുക, അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രായത്തിന് അനുസരിച്ച് ഭാരം ഇല്ലാതിരിക്കുക, അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുക ഇവയെ ആധാരമാക്കിയാണ് അയര്‍ലാന്‍ഡിലെയും ജര്‍മനിയിലെയും ഏജന്‍സികള്‍ ഇന്ത്യയുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഭാരം ഇല്ലാതിരിക്കുകയും അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് ഉയര്‍ന്നിരിക്കുകയും ചെയ്യുന്നുവെന്നതിന് അര്‍ഥം 2015 മുതലിങ്ങോട്ട് രാജ്യത്തെ ജനങ്ങള്‍ക്ക് പോഷകാഹാരമെത്തിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തില്ലെന്നാണ്. മുന്‍കാല സര്‍ക്കാറുകള്‍ സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി പരിമിതമായ രീതിയിലെങ്കിലും നടത്തിയിരുന്ന ഇടപെടലുകള്‍, 2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയതിന്റെ ഫലം കൂടിയാണിത്.
ഇതേ പ്രധാനമന്ത്രിയാണ്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍ കേരളത്തെ സൊമാലിയയോട് ഉപമിച്ചത്. പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ ശിശുമരണ നിരക്ക് കണക്കിലെടുത്താല്‍ സൊമാലിയയേക്കാള്‍ മോശമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്നും കണക്കുകള്‍ നിരത്തി മോദിക്ക് മറുപടി നല്‍കിയത് കേരളീയര്‍ മാത്രമായിരുന്നില്ല. എന്തായാലും നാലാണ്ടിനിപ്പുറത്ത് അദ്ദേഹത്തിന് അഭിമാനിക്കാം. ഇന്ത്യന്‍ യൂനിയനെ ഏതാണ്ട് സൊമാലിയക്ക് ഒപ്പമെത്തിച്ചതിന്.
പട്ടിണിക്കാരുടെ എണ്ണം കൂടിയതുകൊണ്ട് കുഴപ്പമില്ല. പോഷകാഹാരമില്ലാതെ വളരുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതിലും പ്രശ്‌നമില്ല. ശിശു മരണ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതിലും അപമാനം തോന്നേണ്ടതില്ല. 3,000 കോടിയുടെ പ്രതിമ രാജ്യാഭിമാനത്തിന്റെ പ്രതീകമായി ഉയര്‍ന്നങ്ങനെ നില്‍ക്കുന്നുണ്ടല്ലോ! ഒരിക്കല്‍പ്പോലും ആവര്‍ത്തിക്കാത്ത കോട്ടും സ്യൂട്ടുമുണ്ടല്ലോ! പിന്നെ അഞ്ച് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയാക്കുമെന്ന പ്രഖ്യാപനവും!

ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് പൂജ്യത്തിന് താഴെയായിരുന്നു ഏറ്റവുമൊടുവിലത്തെ പാദത്തില്‍. അവിടെ നിന്നുള്ള തിരിച്ചുവരവ് അത്രയെളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മതം. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നൊരു കരകയറല്‍ 2022ല്‍ പ്രതീക്ഷിച്ചാല്‍ മതിയെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്. സമ്പദ് വ്യവസ്ഥക്ക് ഊര്‍ജമേകാന്‍ പാകത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ഭരണകൂടത്തിന് സാധിക്കാതിരിക്കെ, ഇത്തരം പ്രവചനങ്ങള്‍ ഫലം കാണാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പോഷകാഹാരക്കുറവിന്റെ കാര്യത്തിലും ശിശു മരണ നിരക്കിന്റെ കാര്യത്തിലും പുതിയ ഉയരങ്ങള്‍ കണ്ടെത്താന്‍ രാജ്യത്തിന് സാധിക്കുമെന്നുറപ്പ്. വിശപ്പിനേക്കാളും ജീവനേക്കാളും വിലയുണ്ട്, തീവ്ര വര്‍ഗീയതക്കും കപട ദേശീയതക്കുമെന്നതിനാല്‍ തത്കാലം രാഷ്ട്രീയ വെല്ലുവിളിയില്ലെന്ന് ആശ്വസിക്കുകയുമാകാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest