ഗവേഷകർ അന്വേഷിക്കുന്ന പാതാള പൂതാരകൻ ഇന്ത്യനൂരിൽ

Posted on: October 18, 2020 3:08 pm | Last updated: October 18, 2020 at 7:03 pm

കോട്ടക്കൽ | ഗവേഷകർ അന്വേഷിച്ചു കൊണ്ടിരുന്ന ഭൂഗർഭ മത്സ്യത്തെ കോട്ടക്കലിലെ ഇന്ത്യനൂരിൽ കണ്ടെത്തി. പശ്ചിമഘട്ട നിരകളിൽ ഭൂഗർഭ ഉറവകളിൽ വസിക്കുന്ന പത്തോളം ഇനങ്ങളിൽ പെട്ട പാൻജിയോ ബുജിയ ഇനത്തെയാണ് ഇന്ത്യനൂരിൽ കണ്ടെത്തിയത്.

മത്സ്യങ്ങളിലെ അപൂർവതകൾ അന്വേഷിക്കുന്ന പ്ലസ് വൺ വിദ്യാർഥി പാടത്തും പീടിയൻ സ്വഫ്‌വാനിനാണ് ഈ ഇനത്തിലെ നാലെണ്ണെത്തെ കിട്ടിയത്. അരുവികളിൽ നിന്ന് കൂട്ടുകാർ പിടിച്ച മത്സ്യങ്ങളിൽ നിന്നാണ് സ്വഫ്‌വാൻ ഇവയെ തിരിച്ചറിഞ്ഞത്. ഭൂഗർഭ അരുവികളിൽ മാത്രം വസിക്കുന്ന ഇവ ലോകത്ത് തന്നെ കണ്ടെത്തുന്ന രണ്ടാമത്തെ ദേശമാണ് ഇന്ത്യനൂർ. കഴിഞ്ഞ വർഷം കോഴിക്കോട് ചെരിഞ്ചേരിയിലാണ് ആദ്യമായി പാൻജിയോ ബുജിയയെ കണ്ടെത്തിയത്. അന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് സ്വഫ്‌വാൻ മത്സ്യത്തെ തിരിച്ചറിഞ്ഞത്. മത്സ്യത്തിന്റെ അടയാളങ്ങളും രൂപങ്ങളും ഉറപ്പ് വരുത്തിയ സ്വഫ്‌വാൻ കൊച്ചിയിലെ മത്സ്യ ഗവേഷണ യൂനിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഗവേഷകർ സ്ഥലത്തെത്തി ഇതിനെ കൊണ്ടുപോയി. മൂന്ന് സെന്റീമീറ്റർ മാത്രം വലിപ്പം വെക്കുന്ന പാൻജിയോ ബുജിയക്ക് പാതാള പൂതാരകൻ എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്.

വയറിന്റെ ഭാഗം ചുകപ്പ് വർണത്തിൽ കാണുന്ന ഇതിന്റെ ശരീരം സുതാര്യമാണ്. ഉറവകളിൽ ജീവിക്കുന്ന ഇവ പ്രജനനത്തിനായി മുകളിലേക്കെത്തിയതാകാമെന്നാണ് അനുമാനം. സാധാരണ ജലാശയങ്ങളല്ല ഇവയുടെ വാസമെന്ന് കൊച്ചി മത്സ്യ ഗവേഷണ യൂനിവേഴ് സിറ്റി (കെ യു എഫ് ഒ എസ് ) ഗവേഷകൻ സി പി അർജുൻ സിറാജിനോട് പറഞ്ഞു. ഇവയെ കുറിച്ച് മത്സ്യ ഗവേഷണ രംഗത്തെ ജേർണലായ സുടോക്‌സ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരത്തിനകത്തെ ഭാഗങ്ങൾ കണ്ണാടി പ്രതലം പോലെ പുറത്ത് കാണാനാകുന്ന മത്സ്യത്തിന് പത്ത് മുട്ടകൾ വരെ മാത്രമേ ഉണ്ടാകൂ.

ഇതര മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ വലിപ്പവും മുട്ടകൾക്കുണ്ട്. വായയുടെ ഭാഗത്ത് മീശ രോമങ്ങൾ മാത്രമാണി വക്കുള്ളത്. അത്യപൂർവമായി മാത്രം ഭൂമിക്ക് മുകളിലെത്തുന്ന ഇവയെ ഗവേഷകർ അന്വേഷിച്ചു വരികയായിരുന്നു. ഇന്ത്യനൂരിൽ നിന്ന് ഇവയെ കണ്ടെത്തിയതോടെ പഠനങ്ങൾ വിപുലപ്പെടുത്താനാകുമെന്ന് യൂനിവേഴ്സിറ്റി അധികൃതർ പറയുന്നു.