ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ അഭിപ്രായം

Posted on: October 16, 2020 5:07 pm | Last updated: October 17, 2020 at 9:06 am

തിരുവനന്തപുരം | യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്.ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ. മാണി വിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുമ്പോൾ മറ്റു ഘടകകക്ഷികൾക്ക് ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാനു‌ം യോഗം തീരുമാനിച്ചു.

ഇടതുമുന്നണി പ്രവേശന‌ം സ‌ംബന്ധിച്ച് ജോസ് കെ മാണി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ സജീവമായത്. ഇക്കാര്യത്തിൽ നേരത്തെ തന്നെ സിപിഎ‌ം അനുകൂല നിലപാട് എടുത്തിരുന്നെങ്കിലും സിപിഐ ഉൾപ്പെടെ പാർട്ടികൾക്ക് മുന്നണി പ്രവേശത്തോട് വലിയ താത്പര്യമില്ല.

ജോസ് കെ മാണി വിഭാഗത്ത മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് ഭരണത്തുടർച്ച ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.  ജോസ് കെ മാണി വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് ഇന്ന് യോഗത്തിൽ ഉയർന്നത് എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിതം വെപ്പ് ഉൾപ്പെടെ ചർച്ചകളിലേക്ക് ഇപ്പോൾ കടന്നിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ സൂക്ഷിച്ച് നിലപാട് സ്വീകരിക്കുവാനാണ് സിപിഎ‌ം ആലോചിക്കുന്നത്. ഘടകകക്ഷികളുടെ അഭിപ്രായം കൂടി മാനിച്ച് മുന്നോട്ട് പാേകാനാണ് പാർട്ടി തീരുമാനം.

നിലവിൽ എൻസിപി പ്രതിനിധാനം ചെയ്യുന്ന പാലാ സീറ്റ് ആകും പാർട്ടിക്ക് കീറാമുട്ടിയാകുക. പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയാൽ മുന്നണി വിട്ട് സ്വന്തം നിലക്ക് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് മാണി സി കാപ്പൻെറ തീരുമാനം എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. പാലാ, കുട്ടനാട് സീറ്റുകളിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ സഹകരണക്കുറവാണ് സിപിഎമ്മിന് വലിയ തലവേദനയാകുന്നത്. സിപിഎം – സിപിഐ നേതാക്കൾ ഈ വിഷയത്തിൽ ഇന്ന് ചർച്ചകൾ നടത്തുന്നുണ്ട്. വൈകുന്നേരം കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷമാണ് മറ്റ് കക്ഷികളുമായി ചര്‍ച്ച നടത്തുക.