ബുധനിലേക്കുള്ള യാത്രക്കിടെ ശുക്രന്റെ ചിത്രം പകര്‍ത്തി യൂറോപ്യന്‍ പേടകം

Posted on: October 15, 2020 5:33 pm | Last updated: October 15, 2020 at 5:36 pm

പാരീസ് | ബുധന്‍ ലക്ഷ്യമാക്കി കുതിക്കുന്ന യൂറോപ്യന്‍- ജാപ്പനീസ് ദൗത്യം ശുക്ര ഗ്രഹത്തിന്റെ ചിത്രം പകര്‍ത്തി. ഒരു വര്‍ഷം മുമ്പ് ബുധനിലേക്ക് വിക്ഷേപിച്ച ബേപികൊളംബോ എന്ന ദൗത്യമാണ് 17,000 കിലോമീറ്റര്‍ അകലെ നിന്ന് സൗരയൂഥത്തിലെ കുഞ്ഞന്‍ ഗ്രഹമായ ശുക്രന്റെ ചിത്രം പകര്‍ത്തിയത്. ഭൂമിയുടെ അയല്‍ക്കാരന്‍ കൂടിയാണ് ശുക്രന്‍.

ശുക്രന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ബേപികൊളംബോ പകര്‍ത്തിയത്. ഫ്രെയിമില്‍ അതിന്റെ ചില ഉപകരണങ്ങളും പതിഞ്ഞിട്ടുണ്ട്. നവ ഗ്രഹ ഗുരുത്വാകര്‍ഷണങ്ങളില്‍ രണ്ടാമത്തേതിന്റെ സഹായത്തോടെയാണ് ഈ ദൗത്യം യാത്ര തുടരുന്നത്. ഏഴ് വര്‍ഷം കൊണ്ട് ബുധനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഭൂമിക്ക് ചുറ്റുമായിരുന്നു ഇതിന്റെ ഭ്രമണം.

ഇതുവരെയുള്ള ഗ്രഹാന്തര ദൗത്യങ്ങളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഇത്. 130 കോടി യൂറോയാണ് ചെലവ്. തീവ്ര താപനില, സൂര്യനില്‍ നിന്നുള്ള തീവ്രതയേറിയ ഗുരുത്വാകര്‍ഷണം, സൗരവികിരണം തുടങ്ങിയ കാരണങ്ങളാല്‍ നരക തുല്യ അവസ്ഥയാണ് ബുധന്‍ ഗ്രഹത്തിന്റെത്.

2025ല്‍ ലക്ഷ്യം തൊടുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ശുക്രന്റെ അരികില്‍ ഈ പേടകമെത്തും. ബുധനെ ആറ് തവണ ചുറ്റും. 2025ഓടെ പേടകം രണ്ട് ഭാഗങ്ങളാകുകയും ബേപി എന്ന യൂറോപ്യന്‍ ദൗത്യം ബുധന്റെ ഉള്‍ ഭ്രമണപഥത്തിലേക്ക് കയറുകയും ചെയ്യും. അതേസമയം, ജപ്പാന്‍ നിര്‍മിച്ച മിയോ ദൗത്യം വിദൂരത്ത് നിന്ന് ബുധന്റെ വിവരങ്ങള്‍ ശേഖരിക്കും.

ALSO READ  റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും 90 ശതമാനത്തിലേറെ കാര്യക്ഷമത