Connect with us

National

സുപ്രീം കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങള്‍; ജഗനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടായേക്കും

Published

|

Last Updated

ഹൈദരാബാദ് | സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി എന്‍ വി രമണക്കെതിരെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് പോലെ ഇത് മാറാനാണ് സാധ്യത.

ആരോപണങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി അയച്ച കത്തിനുള്ള മറുപടിക്ക് കാത്തിരിക്കണമെന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചീഫ് ജസ്റ്റിസിന്റെ മറുപടിക്ക് കാത്തിരിക്കാനുള്ള ക്ഷമ ജഗന്‍ പ്രകടിപ്പിക്കണമായിരുന്നു. കത്തയച്ച സമയത്തെയും പലരും സംശയത്തോടെ കാണുന്നുണ്ട്.

ജസ്റ്റിസ് രമണക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്ന് ജഗന്‍മോഹന്‍ റെഡ്ഡി കത്തില്‍ ആരോപിച്ചു.

അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണക്ക് അടുത്ത ബന്ധമുണ്ടെന്നും തന്റെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നും ജഗന്‍ മോഹന്‍ ആരോപിച്ചു. അടുത്ത വര്‍ഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എന്‍വി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Latest