National
ബലാത്സംഗ കേസിലെ ആരോപണ വിധേയന് കോണ്‍ഗ്രസ് സീറ്റ്; പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകയെ നേതാക്കള്‍ കൈയേറ്റം ചെയ്തു

ലക്‌നോ | യു പിയിലെ ദിയോറയില്‍ ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് നടപടി ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ മര്‍ദിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക താര യാദവിനെയാണ് പാര്‍ട്ടി നേതാക്കള്‍ മര്‍ദിച്ചത്. ദിയോറിയയിലെ ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച യോഗത്തിലാണ് സംഭവം. ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ മുകുന്ദ് ഭാസ്‌കറിനെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്തതോടെ താരാ യാദവിനെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിയത്. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ധര്‍മേന്ദ്ര സിംഗ്, വൈസ് പ്രസിഡന്റ് അജയ് സിംഗ് എന്നിവര്‍ക്കും മറ്റ് രണ്ടു പേര്‍ക്കുമെതിരെ താര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.
കോണ്‍ഗ്രസ് സമ്മേളനം നടക്കുന്ന ദിയോറയിലെ ടൗണ്‍ഹാളില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരുമായി എത്തിയാണ് താര പ്രതിഷേധം അറിയിച്ചത്. ഒരു ഭാഗത്ത് ഹാഥ്‌റസ് പെണ്‍കുട്ടിക്കു വേണ്ടി പോരാടുമ്പോള്‍ മറുഭാഗത്ത് ബലാത്സംഗ കേസിലെ ആരോപണ വിധേയനെ സ്ഥാനാര്‍ഥിയാക്കുകയാണെന്നും ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നും താര യാദവ് പറഞ്ഞു.