Connect with us

Kerala

വയോധികനെ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമം; മരുമകള്‍ അറസ്റ്റില്‍

Published

|

Last Updated

കോഴഞ്ചേരി | ഭര്‍തൃപിതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെ പോലീസ് അറസ്റ്റു ചെയ്തു. കോഴഞ്ചേരി ചെറുകോല്‍ മധുര ഭവനില്‍ ദാമോദരന്‍ നായരെ (95) കൊല്ലാന്‍ ശ്രമിച്ച കേസില്‍ മരുമകള്‍ രാധാമണി (57)യെയാണ് ആറന്മുള എസ് എച്ച് ഒ. ജി സന്തോഷ്‌കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (1) മുമ്പാകെ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ നാലിന് വീട്ടുമുറ്റത്ത് നിന്ന ദാമാദരന്‍ നായരെ മണ്‍വെട്ടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. മര്‍ദനത്തില്‍ ദാമോദരന്‍ നായരുടെ തലയ്ക്കും തലച്ചോറിനും മൂക്കിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി യൂനിറ്റില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. മുറ്റത്തു നിന്ന് ചരല്‍ വാരി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവം. ദാമോദരന്‍ നായരുടെ മകന്‍ മധുസൂദനനും ഭാര്യ രാധാമണിയും തമ്മില്‍ വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്. മധുസൂദനന്‍ നായരും മക്കളും ബെംഗളൂരുവിലാണ് താമസിക്കുന്നത്.

കോടതി ഉത്തരവിന്റെ ബലത്തിലാണ് ചെറുകോലിലെ കുടുംബ വീട്ടിലെ രണ്ടാം നിലയില്‍ രാധാമണി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ദാമോദരന്‍ നായരും ഭാര്യ ഭാനുമതിയമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രക്തത്തില്‍ കുളിച്ചു വീട്ടുമുറ്റത്തു കിടക്കുകയായിരുന്ന ദാമോദരന്‍ നായരെ സമീപത്തെ ഓട്ടോ തൊഴിലാളികലാണ് ആശുപത്രിയില്‍ എത്തിച്ചത്. തന്നെയും മര്‍ദിച്ചതായി ആരോപിച്ച് രാധാമണിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.