Connect with us

Articles

ഭഞ്ജിക്കേണ്ടത് ആ മൗനം തന്നെയാണ്

Published

|

Last Updated

ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ കേരളത്തെ കുറ്റപ്പെടുത്തിയിട്ട് 128 വര്‍ഷം കഴിഞ്ഞു. എന്നാല്‍ നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച് പുതുമണ്ണ് തീര്‍ത്ത കേരളം ഏതൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും മാതൃകയാണ് ഇന്ന്. ഉച്ചനീചത്വങ്ങളുടെ ഒരു ഭൂതകാലം പാഠപുസ്തകങ്ങളിലെ അറിവ് മാത്രമാണ് ഇവിടുത്തെ പുതു തലമുറക്ക്. ജീവിത സാഹചര്യങ്ങളില്‍, സാമൂഹിക സുരക്ഷിതത്വത്തില്‍, ആരോഗ്യ സംവിധാനത്തില്‍, വിദ്യാഭ്യാസ രംഗത്ത് ഒക്കെ ഏറെ മുന്നോട്ടുപോയിരിക്കുന്നു നാം. എന്നാല്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സംഘ്പരിവാര്‍ സംഘടനകളുടെ ഭരണ നേതൃത്വമുള്ള സംസ്ഥാനങ്ങള്‍, ഏറെ പിറകോട്ടാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസ് ജില്ലയില്‍ പത്തൊമ്പതുകാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്തംബര്‍ 14നാണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പോലീസിന് വിവരം നല്‍കാതിരിക്കാന്‍ നാവ് പിഴുതെടുത്തു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് രണ്ടാഴ്ചക്ക് ശേഷം പെണ്‍കുട്ടി മരിച്ചു. ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് നിരീക്ഷിച്ചു. എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകളെ അക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെപ്പോലും വെറുതെ വിടില്ലെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. പക്ഷേ, ദളിതുകള്‍ക്ക് നേരേയുള്ള ആക്രമണങ്ങളില്‍ ഭരണകൂടം എന്താണോ ചെയ്യുന്നത് അതൊക്കെയാണ് പിന്നീട് ആ കേസില്‍ നടക്കുന്നത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം പോലീസ് തന്നെ കൊണ്ടുപോയി കത്തിക്കുന്നു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സെര്‍വിക്കല്‍ സ്പൈനിലെ പരുക്കിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തെക്കുറിച്ച് സൂചനയൊന്നുമില്ല. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. അഭിഭാഷകരോടോ മാധ്യമങ്ങളോടോ കുടുംബാംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ പോലീസിന്റെയും സര്‍ക്കാറിന്റെയും വാദം പൂര്‍ണമായും തള്ളി പിന്നീട് പുറത്തുവന്ന മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടില്‍ ക്രൂരമായ ബലാത്സംഗം നടന്നുവെന്ന് ഉറപ്പിച്ചു പറഞ്ഞു.

യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്ത ശേഷം ഉത്തര്‍ പ്രദേശിലെ ജാതി ആക്രമണങ്ങളില്‍ വന്‍ വര്‍ധനയുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ദളിത് – ന്യൂനപക്ഷങ്ങള്‍ക്ക് നേരേ “സവര്‍ണര്‍” നടത്തുന്ന ആക്രമണങ്ങളില്‍ യു പി മുന്നിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പ്രാദേശിക പത്രങ്ങള്‍ക്ക് പോലും വാര്‍ത്തയാകാറില്ല. ഭരണകൂടം അത്രമേല്‍ ഭയം വിതച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് ആ നാട് കടന്നുപോകുന്നത്. ജനാധിപത്യം തുടര്‍ച്ചയായി കൂട്ടക്കുരുതിക്കിരയാകുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍ പ്രദേശാണ്. രാജ്യത്താകെയുള്ളതിന്റെ 14.7 ശതമാനം. 2019ലെ കണക്കനുസരിച്ച് 59,853 ആണ് അതെന്ന് എന്‍ സി ആര്‍ ബി വെബ്സൈറ്റ് പറയുന്നു. ഈ സുവ്യക്തമായ കണക്കുകള്‍ പോലും യഥാര്‍ഥ സംഭവങ്ങളുടെ നേരിയ ഒരംശം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ എന്ന് ഉത്തര്‍ പ്രദേശ് എന്ന സംസ്ഥാനത്തെ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. നാക്കുപിഴുതെടുക്കപ്പെട്ട ഇരകള്‍ പിന്നീടൊരിക്കലും ശബ്ദിക്കുകയില്ലല്ലോ.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കനുസരിച്ചാകണം ജനങ്ങള്‍ ജീവിക്കേണ്ടതെന്ന് ഭരണകൂടം നിരന്തരം ജനങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലിമെന്റംഗം വരെയുള്ള ജനപ്രതിനിധികള്‍ ശിരസ്സാവഹിക്കുന്നു. തൊട്ടുകൂടായ്മകള്‍, തീണ്ടാപ്പാടുകള്‍ എല്ലാം കൃത്യമായി നടപ്പാക്കപ്പെടുന്നു. ഹാഥ്‌റസിലേക്ക് വന്നാല്‍, അത് ദളിത് ജനവിഭാഗങ്ങള്‍ കൂടുതലുള്ള മേഖലയാണ്. രാജ് വീര്‍ ദിലര്‍ എന്ന ദളിത് സമുദായത്തില്‍ തന്നെയുള്ള ബി ജെ പി നേതാവാണ് പാര്‍ലിമെന്റില്‍ ഹാഥ്‌റസിനെ പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹം അതിനു മുമ്പ് ജില്ലാ പഞ്ചായത്തംഗം, എം എല്‍ എ എന്നീ നിലകളില്‍ ദീര്‍ഘ കാലമായി ദളിത് വോട്ടിന്റെ പിന്‍ബലത്തില്‍ ഭരണ നേതൃത്വത്തിലുണ്ട്. മൃതദേഹം കത്തിക്കുന്നതിന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്ന് ആദ്യം പോലീസിനെ ന്യായീകരിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹം. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടെ വീടുകളില്‍ ചെന്ന് തറയിലിരുന്ന് വോട്ടഭ്യര്‍ഥിക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞത് ഇപ്പോള്‍ ഓര്‍മവരികയാണ്. താഴ്ന്ന സമുദായത്തില്‍ പെട്ടയാളായതുകൊണ്ടുതന്നെ തന്റെ പാരമ്പര്യത്തെ താന്‍ നിഷേധിക്കില്ലെന്നാണ് ദീര്‍ഘവര്‍ഷം ജനപ്രതിനിധിയായ ഈ ബി ജെ പി നേതാവ് അന്ന് പറഞ്ഞത്. മാത്രമല്ല, ഉയര്‍ന്ന ജാതിക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വെള്ളം കുടിക്കാനുള്ള ഗ്ലാസ് പോലും എപ്പോഴും കൈയില്‍ സൂക്ഷിക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. അഞ്ച് തവണ എം എല്‍ എയും ഒരു തവണ എം പിയുമായ കിസന്‍ലാലിന്റെ മകനാണ് രാജ് വീര്‍ ദിലര്‍ എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്. ജാത്യാധികാരത്തിനു മുന്നില്‍, സവര്‍ണ ഫാസിസത്തിനു മുന്നില്‍ മുട്ടിലിഴയുന്ന ജന നേതാക്കള്‍ക്ക് എങ്ങനെ ജനങ്ങളെ അവരില്‍ നിന്ന് സുരക്ഷിതരാക്കാനാകും! ഭരണഘടനയെ കരിമ്പട്ടികയില്‍പ്പെടുത്തി, മനുനീതി നടപ്പാക്കുന്ന ഒരു രാജ്യമാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതിലേക്ക് അവര്‍ വളരെ വേഗം നടന്നെത്തിക്കൊണ്ടിരിക്കുന്നു എന്ന് ഉത്തര്‍ പ്രദേശിനെ സാക്ഷിനിര്‍ത്തി ആര്‍ക്കും പറയാനാകും.
ഫാസിസം ജനതയെ ഭയപ്പെടുത്തി ഭരിക്കുമ്പോള്‍, അതിനെതിരെ ഒരക്ഷരം പോലും നാവില്‍ നിന്ന് വീഴരുതെന്ന വാശിയാണ് ഇവിടുത്തെ പല പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നയിക്കുന്നത്. ജനതയെ അലോസരപ്പെടുത്തുന്ന ഒന്നിനെയും അഭിമുഖീകരിക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിട്ടില്ല. മാറ്റേണ്ടത് ആ നയം തന്നെയാണ്. ഭഞ്ജിക്കേണ്ടത് ആ മൗനം തന്നെയാണ്. ഇല്ലെങ്കില്‍ ഹാഷ്ടാഗുകള്‍ മാറുമെങ്കിലും ഉന്നാവും ഹാഥ്‌റസും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

കെ കെ രാഗേഷ് എം പി