Connect with us

Kerala

ബാബരി വിധി; പ്രോസിക്യൂഷന്റേത് ഗുരുതര വീഴ്ച- ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ബാബ്രി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറക്കേറ്റ കടുത്ത ആഘാതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്ന ബാബ്രി മസ്ജിദ് തകര്‍ക്കലിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നു. രാജ്യത്തെ കൊച്ചു കുട്ടികള്‍ക്കുപോലും ഇത് അറിയാം. മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുമാണെന്ന് സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ പറഞ്ഞു.
വര്‍ഗീയത ആളിക്കത്തിച്ചുകൊണ്ടു രഥയാത്ര നടത്തുകയും കര്‍സേവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തത് അഡ്വാനിയും കൂട്ടരുമാണ്. ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തിയതുമാണ്. ഈ വിധിക്കെതിരെ സി ബി ഐ അപ്പീല്‍ പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിച്ചതിന്റെ ദുരന്തഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കെ പി സി സി പ്രസിന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അവയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ എന്നും ബഹുമാനിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഈ വിധിക്കെതിരെ നിയമാനുസൃതമായ പരിഹാരം കണ്ടെത്താന്‍ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

ബാബറി മസ്ജീദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുഖവിലക്ക് എടുക്കാന്‍ കോടതി തയ്യാറായില്ല. ജനാധിപത്യത്തില്‍ ഇതില്‍പ്പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ബി ജെ പി നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതില്‍ കമ്മീഷന് ഒരു മടിയുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

Latest