Connect with us

National

ഭരണകൂട വേട്ടയാടല്‍ സഹിച്ച് ഇനിയും ഇന്ത്യയില്‍ തുടരാനാകില്ലെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാരനടപടികള്‍ മൂലം ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അന്താരാഷട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. വളരെ ആസൂത്രിതമായി ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനകളെ സര്‍ക്കാര്‍ വേട്ടയാടുന്നു. പ്രവര്‍ത്തിക്കാനുള്ള വഴികള്‍ അടക്കുന്നു. സംഘടനയുടെ ബേങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇത് മൂലം ജീവനക്കാരെ പിരിച്ചുവിടേണ്ടിവുന്നു. ഇന്ത്യയിലെ ക്യാമ്പയിനുകളും പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇത് മൂലം തങ്ങള്‍ നിര്‍ബന്ധിതരായെന്നും ആംനസ്റ്റി ഇന്ത്യയുടെ റിസേര്‍ച്ച്, അഡ്വക്കസി, പോളിസി ഡയറക്ടര്‍ ശരത് ഖോശ്ല ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സഹകരണവും ഇല്ലാത്ത സമീപനമാണ് ഭരണകൂടത്തിനുള്ളത്. ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ കാര്യത്തിലായാലും ജമ്മുകശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിലായാലും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഇത് സംബന്ധിച്ച് തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് ഒരു പരിഗണനയും നല്‍കാതെ കേന്ദ്രം തള്ളുകയായിരുന്നെന്നും ഇവര്‍ കുറ്റപ്പെടുത്തി. കൂടാതെ ആഗസ്റ്റ് മാസം ആദ്യം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കശ്മീരില്‍ തടവിലായ രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ഥികളെയും മോചിപ്പിക്കണമെന്ന് ആംനസ്റ്റി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും കേന്ദ്രം ചെവിക്കൊണ്ടിരുന്നില്ല. കേന്ദ്രത്തിന്റെ ഈ നിഷേധ സമീപനങ്ങളില്‍ മനുമടുത്താണ് ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ആംനസ്റ്റി തീരുമാനിച്ചിരിക്കുന്നത്.

ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനക്ക് പ്രവര്‍ത്തിക്കാന്‍ പോലും ഇന്ത്യയില്‍ പറ്റുന്നില്ലെന്ന ആരോപണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

---- facebook comment plugin here -----

Latest