കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്ന് സോണിയാ ഗാന്ധി

Posted on: September 28, 2020 8:58 pm | Last updated: September 29, 2020 at 7:52 am

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ നിരാകരിക്കുന്നതിന്, ഭരണഘടനയുടെ അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ തേടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.താങ്ങുവില ഒഴിവാക്കലടക്കം മോദി സര്‍ക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രം. മുഖ്യമന്ത്രി അമരീന്ദര്‍ സിങും കര്‍ഷകര്‍ക്കൊപ്പം പഞ്ചാബില്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു.