Connect with us

Covid19

പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ ആലോചന; രോഗലക്ഷണമില്ലാത്തവര്‍ക്കും നേരിയ ലക്ഷണമുള്ളവര്‍ക്കും ഗൃഹചികിത്സ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്താകമാനം 225 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എല്‍ ടി സി കളിലായി 32,979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതില്‍ 19,478 ബെഡുകളില്‍ ഇപ്പോള്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് മുക്തര്‍ക്ക് പിന്നീട് പല വിധ അസുഖങ്ങള്‍ വരാനിടയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിന് പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കും

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ 38 കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ 18 സി എസ് എല്‍ ടി സികളില്‍ അഡ്മിഷന്‍ ആരംഭിക്കുകയും 689 രോഗികള്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഐ സി യു സൗകര്യങ്ങള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ തുടങ്ങി രോഗികളുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ പരമാവധി ഒരുക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ നടപടികളെയും സുരക്ഷാ മാര്‍ഗങ്ങളെയും കുറിച്ച് പരിശീലനം നല്‍കും. ജില്ലയില്‍ മൂന്ന് ആശുപത്രികള്‍ ഉള്‍പ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകള്‍ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു.
വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴു വരെ വ്യാപകമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ, എന്‍ എസ് എസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെയും പങ്കാളിത്തം ബോധവത്ക്കരണ കാമ്പയിനുകളില്‍ ഉറപ്പാക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്ന് മുതല്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറും. അത്യാഹിത നിലയിലുള്ള കൊവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകള്‍ ഇവിടെ ഒരുക്കും. കൊവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കും.

രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആവശ്യാനുസൃതമായ ക്രമീകരണങ്ങള്‍ എല്ലാ തലത്തിലും ഒരുക്കുന്നുണ്ട്. കൊവിഡ് സെക്കന്‍ഡറി കെയര്‍ സെന്ററുകളില്‍ ബി കാറ്റഗറിയില്‍പ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഇതിന്റെ ഭാഗമായി നിലവിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്ന നടപടികളിലേക്ക് കടന്നു. ഇവ സെക്കന്‍ഡറി കെയര്‍ സെന്ററുകളാക്കുകയും രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇവിടെ ചികിത്സയില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് രോഗലക്ഷണമില്ലാത്ത കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും ഗൃഹചികിത്സ നിര്‍ദേശിക്കും. ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ കുടുംബാംഗങ്ങളെ കര്‍ശനമായ ഗൃഹനിരീക്ഷണത്തിലാക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റിംഗിന് വിധേയമാക്കുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, ആശുപത്രിയില്‍ നിന്നും രോഗലക്ഷണങ്ങള്‍ ശമിച്ച് തിരികെയെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യ സംഘടന നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുള്ളത്.

നമുക്കാര്‍ക്കും പരിചിതമല്ലാത്ത സാഹചര്യമാണിത്. ഇതിനെ മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കേണ്ടിവരും. എല്ലാവരും ഒത്തൊരുമിച്ചാണ് ഇതിനെ നേരിടേണ്ടത്. തുടക്കം മുതല്‍ സര്‍ക്കാര്‍ ആ നിലപാടാണ് സ്വീകരിച്ചത്. ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നിലുള്ളതെന്നും അതിനെ കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കാന്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈകീട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക.

---- facebook comment plugin here -----

Latest