Connect with us

National

ആളിപ്പടരുന്ന കര്‍ഷക രോഷം ; ഇന്ത്യാ ഗേറ്റിന് മുമ്പില്‍ ട്രാക്ടറിന്‌ തീയിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക ബില്‍ രാഷ്ട്രപ്രതി ഒപ്പുവെച്ച് നിയമമായെങ്കിലും പ്രതിഷേധക്കൊടുക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ന്യൂല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടക്കും. കര്‍ണാടകയില്‍ ഇന്ന് കര്‍ഷകര്‍ ബന്ദ് ആചരിക്കുകയാണ്. ദിവസങ്ങള്‍ കൂടുതല്‍ കഴിയുന്തോറും കര്‍ഷകരുടെ പ്രതിഷേധം തെരുവില്‍ ആളിക്കത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ രാവിലെ 7.30ഓടെയാണ് കര്‍ഷകര്‍ ട്രാക്ടറിന്‌
തീയിട്ടത്. ഇരുപതോളം വരുന്ന കര്‍ഷകരാണ് അതീവ സുരക്ഷാ മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസും അഗ്നിശമന വിഭാഗവുമെത്തി തീ അണച്ചെങ്കിലും ട്രാക്ടര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടന്നത് പോലീസിന്റെ വലിയ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. എന്നാല്‍ കര്‍ഷകരെ വഴിയാധാരമാക്കുന്ന നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

കര്‍ഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബില്‍ ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടരമായ പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.