ലഹരി മരുന്ന് കേസ്: ദീപികാ പദുകോണിനെ ഇന്ന് ചോദ്യം ചെയ്യും

Posted on: September 26, 2020 7:09 am | Last updated: September 26, 2020 at 9:45 am

മുംബൈ | സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി ദീപികാ പദുകോണ്‍ അടക്കമുള്ളവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. സാറ അലിഖാന്‍, ശ്രദ്ധാ കപൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുന്ന മറ്റ് നടിമാര്‍. 2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന്‍ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങള്‍ കൂടി അന്വേഷണ സംഘം ഇന്നലെ നല്‍കി.

ദീപികയുടെ മാനേജര്‍ കരിഷ്മയും സുശാന്ത് സിങ്ങിന്റെ മാനേജര്‍ ജയ സഹയും ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയെയും എന്‍സിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.

ഇന്നലെ ചോദ്യം ചെയ്യലിനെത്തിയ ധര്‍മ പ്രൊഡക്ഷന്‍സിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്ഷിതിജ് പ്രസാദിനെ എന്‍സിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.