പുനഃസംഘടന വൈകുന്നു; യൂത്ത് ലീഗിൽ ഭിന്നത രൂക്ഷം

പാർട്ടി നേതൃത്വത്തിന് പരാതിയുമായി ഒരു വിഭാഗം
Posted on: September 24, 2020 2:16 pm | Last updated: September 24, 2020 at 2:22 pm

കോഴിക്കോട് | കമ്മിറ്റികളുടെ പുനഃസംഘടന വൈകുന്നതിൽ മുസ്‌ലിം യൂത്ത് ലീഗിൽ അമർഷം രൂക്ഷം. പുതിയ ജില്ലാ, സംസ്ഥാന കമ്മിറ്റികൾ രൂപവത്കരിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിൽ അതൃപ്തി അറിയിച്ച് ഒരു വിഭാഗം നേതാക്കൾ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ യൂത്ത് ലീഗ് നേതാക്കളാണ് പാർട്ടി നേതൃത്വത്തെ കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും പുനഃസംഘടന നടത്താത്ത സാഹചര്യത്തിലാണ് സംഘടനക്കുള്ളിൽ കടുത്ത അമർഷം ഉടലെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസത്തിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികൾ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ പ്രളയമുൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പുനഃസംഘടന നവംബറിലേക്ക് മാറ്റി. പിന്നീട് അനന്തമായി നീണ്ടുപോയി. ഒരു വർഷം മുമ്പ് തുടങ്ങിയ അംഗത്വ ക്യാമ്പയിൻ പോലും പൂർത്തിയാക്കാനായിട്ടില്ല. യൂനിറ്റ്, പഞ്ചായത്ത് കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയാക്കിയിരുന്നെങ്കിലും തുടർന്നുള്ള മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റി രൂപവത്കരണമാണ് ചിലരുടെ വ്യക്തി താത്പര്യം കാരണം അവതാളത്തിലായതെന്നാണ് ആക്ഷേപം. ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമമത്രെ. യൂത്ത് ലീഗ് സ്ഥാനത്തിരിക്കുമ്പോൾ ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് തദ്ദേശസ്ഥാപനങ്ങളിലേക്കും സംസ്ഥാനതലത്തിലുള്ള ചില നേതാക്കൾക്ക് നിയമസഭയിലേക്കും സീറ്റ് തരപ്പെടുത്തുകയാണിതിന് പിന്നിലെന്ന് അസംതൃപ്തർ പറയുന്നു.

പാലക്കാട് ജില്ലയിൽ മാത്രമാണ് ജില്ലാ കമ്മിറ്റി രൂപവത്കരണം കൃത്യമായി നടന്നത്. മറ്റു ചില ജില്ലകളിലും മണ്ഡലം കമ്മിറ്റി വരെ രൂപവത്കരിച്ചിട്ടുണ്ട്. സംഘടനാ ക്യാമ്പയിൻ പരാജയപ്പെടാൻ പ്രധാന കാരണം മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നിർജീവാവസ്ഥയാണത്രെ. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ജില്ലയിൽ പല മണ്ഡലം കമ്മിറ്റികളുടെയും രൂപവത്കരണം ഇതുവരെ നടന്നിട്ടില്ല. ഇത് അദ്ദേഹത്തിന് മറ്റു ജില്ലകളിൽ ഇടപെടുന്നതിന് പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. 40 വയസ്സ് പിന്നിട്ട സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾക്കും സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനും മലപ്പുറം ജില്ലാ സെക്രട്ടറി കെ ടി അശ്‌റഫിനും പുതിയ കമ്മിറ്റിയിൽ തുടരാനാകില്ല. പുനസംഘടിപ്പിക്കുമ്പോൾ നജീബിനും അശ്‌റഫിനും മുസ്‌ലിം ലീഗിൽ കാര്യമായ ബർത്ത് കിട്ടാനും സാധ്യതയില്ല. മലപ്പുറം ജില്ലാ സെക്രട്ടറി എന്ന ലേബലിൽ ജില്ലാ പഞ്ചായത്ത് സീറ്റ് തരപ്പെടുത്താനാണ് കെ ടി അശ്റഫ് യൂത്ത് ലീഗ് പുനഃസംഘടന വൈകിപ്പിക്കുന്നതെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി വൈകുമ്പോൾ സംസ്ഥാന കമ്മിറ്റി രൂപവത്കരണവും വൈകും. ഇതുവഴി സംസ്ഥാന ഭാരവാഹിയായി തുടരാം എന്നാണ് മലപ്പുറം ജില്ലാ റിട്ടേണിംഗ് ഓഫീസറായ നജീബ് കണക്കുകൂട്ടുന്നതെന്നും ഇവർ ആരോപിക്കുന്നു.
കൊറോണ കാരണം നിർത്തിയിരുന്ന കമ്മിറ്റി പുനസംഘടന പുനരാരംഭിക്കാനും ഈ മാസം 23നുള്ളിൽ മണ്ഡലം കമ്മിറ്റികൾ രൂപവത്കരിക്കാനും മുനവ്വറലി തങ്ങളും പി കെ ഫിറോസും ഒപ്പുവെച്ച സർക്കുലർ ജില്ലാ, മണ്ഡലം കമ്മിറ്റികൾക്ക് നൽകിയിരുന്നു.

ALSO READ  'ഇത് പെറ്റി രാഷ്ട്രീയം മാത്രമല്ല, സമുദായത്തിന് ആഴത്തിലുള്ള മുറിവ് ഏല്‍പ്പിക്കുന്നത്'

23 കഴിഞ്ഞിട്ടും സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദേശം മലപ്പുറം ജില്ലാ കമ്മിറ്റി മുഖവിലക്കെടുത്തിട്ടില്ല. സംസ്ഥാന പ്രസിഡന്റും സെക്രട്ടറി മുജീബ് കാടേരിയും ഉൾക്കൊള്ളുന്ന മലപ്പുറം മണ്ഡലവും തവനൂർ മണ്ഡലവുമാണ് സംസ്ഥാന കമ്മിറ്റിയുടെ ആവർത്തിച്ചുള്ള സർക്കുലർ പ്രകാരം 23ന് കൗൺസിൽ വിളിച്ചത്. ഇതോടെ പതിനൊന്ന് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയാകുമെങ്കിലും ജില്ലാ സെക്രട്ടറിയുടെ മണ്ഡലമായ ഏറനാട് കൗൺസിൽ തീയതി പോലും നിശ്ചയിച്ചിട്ടില്ല. കൊണ്ടോട്ടിയിലും നിലമ്പൂരും കോട്ടക്കലും പെരിന്തൽമണ്ണയും പുനസംഘടന വൈകുകയാണ്. ഈ സാഹചര്യത്തിലാണ് മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെയുള്ള ഒരു വിഭാഗം യൂത്ത് ലീഗ് നേതാക്കൾ ഹൈദരലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളെ വിവരം ധരിപ്പിച്ചത്.

സജീവമായ യുവജന സംഘടനയെ വ്യക്തിപരമായ സ്ഥാനമാനങ്ങൾക്ക് വേണ്ടി നജീബും അശ്റഫും നിർജീവമാക്കുകയാണെന്ന പരാതി നേതാക്കളിലും എത്തിയിട്ടുണ്ട്. അതേസമയം സംഘടനയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും പാർട്ടി പ്രവർത്തകർക്കിടയിൽ അസ്വാരസ്യങ്ങൾ പുകയുകയാണ്. ജനറൽ സെക്രട്ടറി പി കെ ഫിറോസ് ചില ഇടപെടൽ നടത്തുന്നുണ്ടെങ്കിലും യൂത്ത് ലീഗ് സംഘടനാ സംവിധാനം ചിട്ടപ്പെടുത്തുന്നതിൽ കമ്മിറ്റി പരാജയമാണെന്ന ആക്ഷേപം ശക്തമാണ്.