സഊദിയില്‍ ദേശീയദിനം സമുചിതമായി ആഘോഷിച്ചു

Posted on: September 23, 2020 10:34 pm | Last updated: September 23, 2020 at 10:34 pm

ദമാം | കൊവിഡ് മഹാമാരിക്കിടയിലും 90 ാമത് സഊദി ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്തുടനീളം വിവിധങ്ങളായ പരിപാടികള്‍ ഒരുക്കിയത്. തലസ്ഥാന നഗരിയായ റിയാദിന് പുറമെ ജിദ്ദ, ദമാം എന്നീ പ്രവിശ്യകളിലാണ് പ്രധാന ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.

1932-ല്‍ അബ്ദുല്‍ അസീസ് രാജാവ് ആധുനിക സഊദി അറേബ്യ രൂപവത്ക്കരിച്ചതിന്റെ സ്മരണയിലാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ 23 ന് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകള്‍ക്ക് പൊതു അവധി നല്‍കിയിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍.

പരമ്പരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെ പ്രധാന പാര്‍ക്കുകളിലും പരിപാടികള്‍ നടന്നു. വ്യോമസേനയുടെ നേതൃത്വത്തില്‍ എയര്‍ഷോയും ഉണ്ടായിരുന്നു. അന്നം തരുന്ന നാടിന് നന്ദി അറിയിച്ച് വിവിധ മലയാളി സംഘടനകളും ആഘോഷത്തില്‍ പങ്കാളികളായി.