Connect with us

Alappuzha

ന്യൂനപക്ഷ ക്ഷേമം: ക്രിസ്ത്യൻ സംഘടനകൾക്കും സംഘ്പരിവാർ സ്വരം

Published

|

Last Updated

ആലപ്പുഴ | സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ ക്രൈസ്തവ സഭാ മേലധ്യക്ഷർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ അജൻഡ തന്നെയെന്നതിന് കൂടുതൽ തെളിവുകൾ. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഒരു വിഭാഗത്തിന് മാത്രമായി നീക്കിവെച്ചിരിക്കുന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ക്രൈസ്തവ സഭാ നേതാക്കളുടെ പ്രചാരണങ്ങൾക്കായി ഉയർത്തിക്കാട്ടുന്ന ആരോപണങ്ങളിൽ പലതും സംഘ്പരിവാർ നേരത്തേ ഉന്നയിച്ചതാണ്. ഇതിൽ പ്രധാനം മുൻ ഡി ജി പി. ടി പി സെൻകുമാറിന്റെ മദ്‌റസാധ്യാപകർക്കെതിരായ ആരോപണം തന്നെയാണ്.ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2,000 കോടി രൂപ (കേന്ദ്രത്തിന്റെ മൊത്തം ന്യൂനപക്ഷ ക്ഷേമ പദ്ധതി തുകയുടെ ഏകദേശം പകുതി) മദ്‌റസ അധ്യാപകർക്ക് മാറ്റിവെച്ചെന്ന സെൻകുമാർ നുണയും പൊക്കിപ്പിടിച്ചാണ് ഇവരുടെ പടപ്പുറപ്പാടെന്നത് തന്നെ സംഘ്പരിവാർ അന്തർധാര ബോധ്യപ്പെടുത്തുന്നതാണ്. സാമൂഹികക്ഷേമ പെൻഷൻ 1,300 രൂപ ആക്കിയപ്പോൾ പോലും മദ്‌റസാധ്യാപക ക്ഷേമനിധി പെൻഷൻ അവർ സ്വന്തം പോക്കറ്റിൽ നിന്ന് അംശാദായം അടച്ചിട്ടും 1,000 രൂപ തന്നെയാണെന്ന വസ്തുത വിസ്മരിച്ചാണ് ഈ അപവാദ പ്രചാരണം.

കേരള സർക്കാർ മുസ്‌ലിംകൾക്ക് മാത്രമായി മൗലാന സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയെന്നാണ് മറ്റൊരാരോപണം. അങ്ങിനെ ഒരു സ്‌കോളർഷിപ്പ് തന്നെ ഇല്ല.മൗലാനാ ആസാദ് സ്‌കോളർഷിപ്പാണെങ്കിൽ അത് കേന്ദ്രം നൽകുന്നതാണ്. ബീഗം ഹസ്‌റത്ത് മഹൽ സ്‌കോളർഷിപ്പ് പോലെ എല്ലാ ന്യൂനപക്ഷ വിഭാഗക്കാർക്കും ഇത് ലഭിക്കും. കേരളത്തിൽ അതേറ്റവും കൂടുതൽ ലഭിക്കുന്നത് ക്രിസ്ത്യാനികൾക്കാണെന്നതാണ് വസ്തുത. അഖിലേന്ത്യാ തലത്തിൽ മുസ്‌ലിം പ്രാതിനിധ്യം ജനസംഖ്യാ അനുപാതത്തേക്കാൾ കുറവാണ്. മൈനോരിറ്റി കമ്മീഷൻ മുസ്‌ലിം ആയതിനെ കുറിച്ചാണ് മറ്റൊരാരോപണം. എന്നാൽ വസ്തുതകൾ മറിച്ചാണ്. ആകെയുള്ള മൂന്ന് അംഗങ്ങളിൽ ഒരാൾ ക്രിസ്ത്യനാണ്. കേന്ദ്ര മൈനോരിറ്റി കമ്മീഷൻ ചെയർമാൻ, വൈസ് ചെയർമാൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, വൈസ് ചെയർമാൻ ഇവരൊന്നും മുസ്‌ലിം വിഭാഗത്തിൽ പെട്ടവരല്ല. ന്യൂനപക്ഷ വികസന കോർപറേഷനെ കുറിച്ചും ആരോപണമുയർത്തുന്നു. എന്നാൽ ഇവിടെ നിന്നുള്ള വായ്പാ തുകയിൽ പകുതിയും ക്രിസ്ത്യാനികളാണ് പ്രയോജനപ്പെടുത്തുന്നതെന്ന് അവിടുത്തെ ജീവനക്കാർ സാക്ഷ്യപ്പെടുത്തും.

അഞ്ചാമത്തെ ആരോപണം സ്‌കോളർഷിപ്പുകളെ കുറിച്ചുള്ളതാണ്. കേന്ദ്രം തരുന്ന തുക സംസ്ഥാന സർക്കാർ 80:20 എന്ന അനുപാതത്തിൽ മുസ്‌ലിംകൾക്ക് നൽകുന്നു എന്ന ശുദ്ധ നുണ പ്രചരിപ്പിക്കുന്നതിൽ കോൺഗ്രസും യു ഡി എഫും ഉണ്ടെന്നതാണ് അത്ഭുതം. സത്യത്തിൽ കേന്ദ്ര സ്‌കോളർഷിപ്പുകളെല്ലാംകേന്ദ്രമാണ് വിതരണം ചെയ്യുന്നത്. കേന്ദ്ര സഹായമുള്ള പദ്ധതിയുടെ 40% കേരളം വഹിക്കുന്നു. ആ പദ്ധതികളാകട്ടെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ മുഴുവൻ പേർക്കും ഒരുപോലെയുള്ളതാണ്.

അതേസമയം, സർക്കാർ മുസ്‌ലിംകൾക്ക് മാത്രമായി ഒരു സ്‌കോളർഷിപ്പും നൽകുന്നില്ല. ആദ്യമായി മുസ്‌ലിം, നാടാർ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകിയിരുന്നു. അതിന്റെ പാറ്റേൺ ജനസംഖ്യാനുപാതത്തിൽ 80:20 ആയി ക്രമീകരിച്ചു. മറ്റു സ്‌കോളർഷിപ്പുകൾക്കും ഇതേ പാറ്റേൺ ആണ്.പ്ലാൻ ഫണ്ടിൽ നിന്ന് മൊത്തം നൽകുന്ന സ്‌കോളർഷിപ്പ് തുക പരിവർത്തിത ക്രിസ്ത്യൻ കോർപറേഷൻ നൽകുന്ന തുകയോളം വരില്ലെന്നതാണ് യാഥാർഥ്യം. ഈ തുകയിലെ അനുപാതം ചോദിച്ചാണ് ക്രിസ്ത്യൻ വിഭാഗത്തെ തിരഞ്ഞെടുപ്പ് കാലത്ത് തെരുവിലിറക്കാൻ ചിലർ അണിയറ നീക്കം നടത്തുന്നത്.

സംഘ്പരിവാറിന്റെ ലൗ ജിഹാദ് ആരോപണം അതേപടി ഏറ്റുപിടിച്ചവർ തന്നെയാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികളും അട്ടിമറിക്കാൻ രംഗത്തെത്തിയിട്ടുള്ളത്. അതേ പ്ലാനും വഴികളും അന്തർധാരയുമാണ് ഈ വിഷയത്തിലും പുറത്തു വരുന്നത്. ഇതു സംബന്ധമായി വരുന്ന വീഡിയോകളും പുരോഹിതരുടെ പ്രസംഗങ്ങളും ക്ലിപ്പുകളും സോഷ്യൽ മീഡിയാ തരംഗങ്ങളും സൂചിപ്പിക്കുന്നത് ഇതിലെ പരിവാര അജൻഡയാണ്. കേന്ദ്ര സർക്കാറിനെ വ്യംഗ്യമായി പുകഴ്ത്താനും കേന്ദ്രം തരുന്ന തുക കേരളം 80:20 അനുപാതത്തിൽ ആക്കുന്നുവെന്ന് ആരോപിക്കാനും മുസ്‌ലിം പ്രീണനം എന്നു തലങ്ങും വിലങ്ങും പ്രയോഗിക്കാനും ശ്രമിക്കുന്നതു തന്നെ സംഘ്പരിവാർ അജൻഡയുടെ മതിയായ തെളിവാണ്.

---- facebook comment plugin here -----

Latest