ആരബിള്‍ഭൂമി വനമേഖലയാക്കി മാറ്റിയ ഉത്തരവ് കേന്ദ്ര വനമന്ത്രാലയം റദ്ദ് ചെയ്തതായി അടൂര്‍ പ്രകാശ് എം പി

Posted on: September 22, 2020 9:44 pm | Last updated: September 22, 2020 at 9:44 pm

പത്തനംതിട്ട | റാന്നി, കോന്നി വനം ഡിവിഷനുകളിലെ ആരബിള്‍ ഭൂമി നിക്ഷിപ്ത വന മേഖലയിലുള്‍പ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് റദ്ദായതായി അടൂര്‍ പ്രകാശ് എംപി.റാന്നി ഡിഎഫ്ഒ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.റാന്നി ഡിഎഫ്ഒ പുറപ്പെടുവിച്ചിട്ടുള്ളത് ഉത്തരവ് ആയിരുന്നില്ലെന്നും ദുരുദ്ദേശത്തോടെ പുറത്തിറക്കിയ ഒരു നിര്‍ദ്ദേശം മാത്രമായിരുന്നുവെന്നും കേന്ദ്ര വനം വകുപ്പില്‍നിന്നും ലഭിച്ച വിശദീകരണത്തില്‍ പറയുന്നതായി അടൂര്‍ പ്രകാശ് പറഞ്ഞു.

ആരബിള്‍ ഭൂമിയിലെ കൈവശക്കാര്‍ക്ക് തുടര്‍ന്നും കൃഷി ഉള്‍പ്പെടെയുള്ള എല്ലാ പതിവ് പ്രവൃത്തികള്‍ക്കും അനുവാദം ഉണ്ടെന്നും ഇത് തടഞ്ഞുകൊണ്ട് റാന്നി ഡിഎഫ്ഒ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡെക്കര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ആരബിള്‍ ഭൂമി നിക്ഷിപ്ത വനഭൂമി ആണെന്ന് കാണിച്ച് റാന്നി ഡിഎഫ്ഒ പുറത്തിറക്കിയ നിര്‍ദ്ദേശം സംബന്ധിച്ച് കേന്ദ്ര വനംവകുപ്പ് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററിനോട് വിശദീകരണം തേടിയിരുന്നു. വനസംരക്ഷണ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത റാന്നി ഡിഎഫ്ഒ ആയിരുന്ന ഉണ്ണിക്കൃഷ്ണനെ സ്ഥലം മാറ്റിയതായും സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വനഭൂമിയില്‍ പുതിയതായി അപേക്ഷ നല്‍കിയ പാറമടയ്ക്ക് അനുവാദം ലഭ്യമാക്കാന്‍ വേണ്ടി ആയിരുന്നു റാന്നി ഡിഎഫ്ഒയുടെ ഗൂഢലക്ഷ്യമെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
റാന്നി ഡിഎഫ്ഒ കഴിഞ്ഞ ജൂണ്‍ 30 നാണ് ആരബിള്‍ ഭൂമിയിലെ കൈവശക്കാരുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് ഉത്തരവ് ഇറക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഓഗസ്റ്റ് 20ന് അടൂര്‍ പ്രകാശ് എംപി കേന്ദ്ര വനംമന്തിക്ക് കത്ത് നല്‍കിയത്.

വിവാദ നിര്‍ദ്ദേശം പുറത്തിറക്കിയ റാന്നി ഡിഎഫ്ഒ യെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഡിഎഫ്ഒയ്ക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ആരബിള്‍ ഫോറസ്റ്റ് ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സ് 1970 പ്രകാരം നിര്‍ദ്ദിഷ്ട ഭൂമി പട്ടയഭൂമി ആണെന്ന കാര്യം ഡിഎഫ്ഒ മറച്ചുവെച്ച് പാറമടയ്ക്ക് അപേക്ഷ നല്‍കിയ കമ്പനിയുമായി ചേര്‍ന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടി കടത്താന്‍ കൂട്ടുനിന്നെന്നും ആരോപണമുണ്ട്.

ആരബിള്‍ ഭൂമിയുടെ ഉടമസ്ഥ അവകാശം സംബന്ധിച്ച് മേലില്‍ തര്‍ക്കത്തിന് കാര്യമില്ലെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ കൈവശക്കാര്‍ക്ക് പട്ടയം ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഭൂമിയുടെ മേല്‍ ഇവര്‍ക്ക് പൂര്‍ണ അവകാശമുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതായും അടൂര്‍ പ്രകാശ് അറിയിച്ചു.