പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സുപ്രീം കോടതി അനുമതി; സര്‍ക്കാറിന്റെ വിജയം

Posted on: September 22, 2020 3:09 pm | Last updated: September 22, 2020 at 6:06 pm

ന്യൂഡല്‍ഹി | കൊച്ചി ദേശീയപാതയിലെ പാലാരിവട്ടം പാലം പൊളിച്ച് പുതുക്കിപ്പണിയാന്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ അനുമതി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തുന്നത് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബഞ്ച് റദ്ദാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്ന കാര്യത്തില്‍ സര്‍ക്കാറിന് അടിയന്തര തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് പരമോന്നത കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ കോടതി ശരിവച്ചു.

സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെയുള്ള വിദഗ്ധരാണ് മേല്‍പാലം അപകടാവസ്ഥയില്‍ ആണെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അത്തരം ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാലം അപകടാവസ്ഥയിലാണെങ്കില്‍ അതില്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല.

പാലത്തിന്റെ ദുര്‍ബലാവസ്ഥ ചൂണ്ടിക്കാട്ടി മദ്രാസ് ഐ ഐ ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടക്കം ഹാജരാക്കിയാണ് പാലം പൊളിച്ചു പണിയണമെന്ന വാദം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പാലാരിവട്ടം പാലം കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.