ഉമര്‍ ഖാലിദിന് കുടുംബത്തെ കാണാന്‍ അനുമതിയില്ല; അപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി

Posted on: September 21, 2020 5:57 pm | Last updated: September 21, 2020 at 11:38 pm

ന്യൂഡല്‍ഹി | ജയിലില്‍ കുറ്റാരോപിതനായി കഴിയുന്ന ജെ എന്‍ യു മുന്‍ വിദ്യാര്‍ യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിന് കുടുംബാംഗങ്ങളെ കാണാന്‍ കോടതി അനുവദിച്ചില്ല. ഇത് സംബന്ധിച്ച ഉമര്‍ ഖാലിദ് നല്‍കിയ ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

രണ്ട് ദിവസങ്ങളിലായി അരമണിക്കൂര്‍ നേരത്തേക്ക് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കാമെന്ന് പോലീസ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിരസിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ കുടുംബാംഗങ്ങളെ കാണുന്നത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയെ ബോധിപ്പിച്ചു. തന്റെ അഭിഭാഷകനുമായി ഉമര്‍ ഖാലിദ് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും എന്തെങ്കിലും സന്ദേശം കുടുംബാംഗങ്ങള്‍ക്കായി കൈമാറമെങ്കില്‍ അഭിഭാഷകന്‍ വഴി നടത്താമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.

ഡല്‍ഹി ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി സെപ്റ്റംബര്‍ 13നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ഹിന്ദുത്വ ഭീകരര്‍ ആസൂത്രിതമായി നടപ്പാക്കിയതായിരുന്നു ഡല്‍ഹി വംശഹത്യ. 53 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 751 എഫ് ഐ ആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്തുണ നല്‍കിയ ബി ജെ പി നേതാക്കളടക്കമുള്ളവരെ സംരക്ഷിച്ചുള്ളതായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. എഫ് ഐ ആറിലും ഇത് പ്രകടമായിരുന്നു.