Gulf
സഊദിയില്‍ ഒരുകോടി 20 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്തി

റിയാദ് | സഊദിയില്‍ ഒരുകോടി 20 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സഊദി പുരാവസ്തു വകുപ്പ് അറിയിച്ചു. തബൂക്കിന്റെ പ്രാന്തപ്രദേശത്തെ പുരാതനമായ വറ്റിവരണ്ട തടാകത്തിന് സമീപത്തു നിന്നാണ് മനുഷ്യരുടെയും ആനകളുടെയും മറ്റും കാല്‍പാദങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്. പുരാതനകാലത്തെ മനുഷ്യരുടെയും മൃഗങ്ങളുടെതുമാണ് ഇവയെന്ന് സഊദി പുരാവസ്തു അതോറിറ്റി സി ഇ ഒ. ഡോ. ജാസര്‍ ബിന്‍ സുലൈമാന്‍ അല്‍ ഹെര്‍ബാഷ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
അറേബ്യന്‍ ഉപദ്വീപില്‍ പുരാതന കാലത്ത് മനുഷ്യര്‍ ജീവിച്ചിരുന്നു എന്നതിന്റെ ആദ്യത്തെ ശാസ്ത്രീയ തെളിവാണ് ഈ കണ്ടെത്തല്‍. ഏഴ് മനുഷ്യരുടെ കാല്‍പ്പാദങ്ങള്‍, ഒട്ടകങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ 233 അസ്ഥികൂടങ്ങള്‍, ആനകളുടെയും ഓറിക്‌സിന്റെയും അസ്ഥികൂടാവശിഷ്ടങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇതോടെ അന്താരാഷ്ട്ര പുരാവസ്തു വകുപ്പിന്റെയും മറ്റ് ഗവേഷണ സംഘങ്ങളുടെയും ഗവേഷണ കേന്ദ്രമായി തബൂക്ക് പ്രദേശം മാറും. പുരാതന വസ്തുക്കള്‍, നഗര പൈതൃകം, കരകൗശല വസ്തുക്കള്‍, പൈതൃകം എന്നിങ്ങനെ നാല് ഘടകങ്ങളാക്കി തിരിച്ചാണ് ഗവേഷണം പുരോഗമിക്കുന്നത്.
പുതിയ കണ്ടെത്തല്‍ പുരാവസ്തു ശാസ്ത്ര രംഗത്ത് നേടിയ ഏറ്റവും മഹത്തായ വിജയമായാണ് സഊദി അറേബ്യ വിലയിരുത്തുന്നത്. കണ്ടെത്തലിനെ അടിസ്ഥാനമാക്കി മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനും ശാസ്ത്രീയ, ഗവേഷണ, ആമുഖ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും സാധിക്കുമെന്ന് ഡോ. ജാസര്‍ അല്‍-ഹര്‍ബാഷ് പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും പുരാവസ്തുക്കള്‍ ഉള്‍പ്പെടുത്തി പ്രത്യേക എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം, പുരാവസ്തു പ്രദേശങ്ങള്‍ പുനരധിവസിപ്പിക്കാനും അവ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.