ലോക്ക്ഡൗണ്‍ കൊവിഡ് വ്യാപനം കുറച്ചു: 78,000ത്തോളം മരണങ്ങള്‍ കുറക്കാന്‍ കഴിഞ്ഞു- ഡോ. ഹര്‍ഷവര്‍ധന്‍

Posted on: September 14, 2020 3:11 pm | Last updated: September 14, 2020 at 7:39 pm

ന്യൂഡല്‍ഹി | രാജ്യത്ത് നാല് മാസം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ആരോഗ്യ രംഗത്ത് വലിയ വിജയമായിരുന്നെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 14 ലക്ഷം മുതല്‍ 29 ലക്ഷം വരെ കൊവിഡ് കേസുകളും37,000 മുതല്‍ 78,000 വരെ കൊവിഡ് മരണങ്ങളുംഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ മൂലം കഴിഞ്ഞെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനായി. പി പി ഇ കിറ്റ്, എന്‍-95 മാസ്‌ക്, വെന്റിലേറ്ററുകള്‍ തുടങ്ങിയവ കൂടുതല്‍ ഉത്പാദിപ്പിക്കാനുമായാണ് ചെലവഴിച്ചത്. മാര്‍ച്ചില്‍ ഉണ്ടായതിനേക്കാള്‍ എത്രയോ മടങ്ങ് ഐസോലേഷന്‍ ബെഡ്ഡുകളും ഐസിയു ബെഡ്ഡുകളും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പി പി ഇ കിറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വിഭവങ്ങള്‍ ഇല്ലാതിരുന്ന ഇന്ത്യയിപ്പോള്‍ അവ കയറ്റുമതി ചെയ്യാനാവുന്ന ഘട്ടത്തിലേക്കെത്തിയിരിക്കുന്നുവെന്ന് മന്ത്രിപറഞ്ഞു.

കൊവിഡ് കേസുകളുടേയും കൊവിഡ് മരണങ്ങളുടേയും എണ്ണം കുറക്കാനും നമുക്ക് സാധിച്ചു. കൊവിഡ് കേസുകള്‍ 10 ലക്ഷത്തില്‍ 3328, കോവിഡ് മരണം 10 ലക്ഷത്തില്‍ 55 എന്ന നിരക്കിലേക്കെത്തിക്കാനും നമുക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.