ഡല്‍ഹി അക്രമ കേസ്: ഉമര്‍ ഖാലിദിനെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തു

Posted on: September 14, 2020 7:25 am | Last updated: September 14, 2020 at 11:19 am

ന്യൂഡല്‍ഹി | ഡല്‍ഹി അക്രമ കേസില്‍ ജെ എന്‍ യു വിദ്യാര്‍ഥിയായിരുന്ന ഉമര്‍ ഖാലിദിനെ യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ഉമറിനെതിരായ ആരോപണം.
ഖാലിദിനെ ശനിയാഴ്ച വിളിച്ചുവരുത്തിയ പോലീസ് ഞായറാഴ്ച ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഉച്ചക്ക് ഒരു മണിയോടെ എത്തിയ ഉമര്‍ ഖാലിദിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തുകയായിരുന്നു.

ഉമറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇന്നു തന്നെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഡല്‍ഹി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നാണ് പോലീസ് ഭാഷ്യം. അക്രമം നടക്കുന്നതിന് ഒരു മാസം മുമ്പ് ഇവര്‍ രണ്ടുപേരും ഷഹീന്‍ ബാഗിലെ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുനൈറ്റ് എഗെയിന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു.