Connect with us

Editorial

മാവോയിസ്റ്റുകളെ സൃഷ്ടിക്കലല്ല പോലീസ് ദൗത്യം

Published

|

Last Updated

സംസ്ഥാന പോലീസ് വകുപ്പിന് കനത്ത തിരിച്ചടിയാണ് അലന്‍ ശുഐബ്, ത്വാഹാ ഫസല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് എറണാകുളം എന്‍ ഐ എ കോടതി നടത്തിയ പരാമര്‍ശങ്ങള്‍. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അവരുടെ പക്കല്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തുവെന്നതാണ് മാവോയിസ്റ്റ് ബന്ധത്തിന് പോലീസ് ചൂണ്ടിക്കാണിക്കുന്ന മുഖ്യ തെളിവ്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കല്‍, അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ മാവോയിസ്റ്റ് പുസ്തകങ്ങള്‍ വായിക്കുന്നത് കൊണ്ട് മാത്രം ഒരാളെ മാവോയിസ്റ്റായി മുദ്രയടിക്കാനോ തീവ്രവാദക്കുറ്റം ചുമത്താനോ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിയമവിരുദ്ധമല്ല. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ അത് കുറ്റകരമാകുന്നുള്ളൂ. പ്രതികള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പോലീസിന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. 64 പേജുള്ള ഉത്തരവില്‍ പോലീസിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നേരേ രൂക്ഷവിമര്‍ശമാണ് കോടതി നടത്തിയത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനും ആദിവാസി അവകാശ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കാനും വിമര്‍ശ സ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടത്തില്‍ അണിനിരക്കാനും ആഹ്വാനം ചെയ്യുന്ന നോട്ടീസുകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ഇത് സമകാലിക സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഇവയില്‍ കുറ്റകരമായി ഒന്നുമില്ലെന്നും കോടതി വിലയിരുത്തി. ജമ്മു കശ്മീര്‍ വിഷയത്തില്‍ കശ്മീരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതികളിലൊരാള്‍ എഴുതിയ ബാനറാണ് പോലീസ് ഹാജരാക്കിയ മറ്റൊരു തെളിവ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370ഉം 35(എ)യും റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ബാനര്‍ തയ്യാറാക്കിയത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്നതിനോ ഉള്ള ശ്രമമല്ല ഇതെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച മുഴുവന്‍ കാര്യങ്ങളും കോടതി തള്ളി.

ശ്യാം ബാലകൃഷ്ണ കേസില്‍ 2015ലെ കേരള ഹൈക്കോടതി വിധിയെയും ചില സുപ്രീം കോടതി വിധികളെയും ആധാരമാക്കിയായിരുന്നു എന്‍ ഐ എ കോടതിയുടെ നിരീക്ഷണങ്ങളും ജാമ്യ ഉത്തരവും. 2014 മെയ് 14ന് വയനാട് വെള്ളമുണ്ട സ്വദേശി ശ്യാം ബാലകൃഷ്ണനെ തണ്ടര്‍ ബോള്‍ട്ട് കസ്റ്റഡിയിലെടുത്തതും മാവോയിസ്റ്റ് ബന്ധമാരോപിച്ചായിരുന്നു. എന്നാല്‍ മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്നും ഇത്തരം ചിന്തകളും ആദര്‍ശങ്ങളും വെച്ചുപുലര്‍ത്തുന്നവരുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്നുമായിരുന്നു ഈ കേസില്‍ ഹൈക്കോടതി നിരീക്ഷണം. മാത്രമല്ല, അന്യായമായി കസ്റ്റഡിയിലെടുത്തതിന് ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതിച്ചെലവിലേക്കായി പതിനായിരം രൂപയും നല്‍കാന്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ഈ വിധിന്യായത്തിനെതിരെ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കറും ഉള്‍പ്പെട്ട ബഞ്ച് അത് തള്ളുകയായിരുന്നു.

വിപ്ലവകരമായ ഒരാശയമോ ചിന്താഗതിയോ വെച്ചുപുലര്‍ത്തുന്നതും അതുമായി ബന്ധപ്പെട്ട ലഘുലേഖകളോ പുസ്തകങ്ങളോ കൈവശം വെക്കുന്നതും രാജ്യത്ത് ഇന്നോളം ഒരു കോടതിയും വിലക്കുകയോ, കസ്റ്റഡിയിലെടുക്കാനുള്ള കുറ്റമായി കാണുകയോ ചെയ്തിട്ടില്ല. എന്നിട്ടും ആ പേരില്‍ പോലീസ് നിരപരാധികളെ കസ്റ്റഡിയിലെടുക്കുകയും പീഡനങ്ങള്‍ക്കും മൂന്നാംമുറ പ്രയോഗത്തിനും ഇരയാക്കുകയുമാണ്. ശ്യാം ബാലകൃഷ്ണനെ താടിയും മുടിയും നീട്ടിവളര്‍ത്തിയതിനാണ് പോലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റാക്കിയത്. വൈകീട്ട് വീട്ടില്‍ നിന്ന് നിരിവല്‍പുഴയിലേക്ക് ബൈക്കില്‍ യാത്രചെയ്യവെയാണ് ശ്യാം ബാലകൃഷ്ണനെ തണ്ടര്‍ ബോള്‍ട്ട് മാവോയിസ്റ്റാണെന്ന നിഗമനത്തില്‍ പിടികൂടിയത്. ശേഷം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്തുകയും അന്യായമായി തടങ്കലില്‍ വെക്കുകയും ചെയ്തു. മാത്രമല്ല, അന്ന് രാത്രി പോലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കയറി റെയ്ഡ് നടത്തുകയും ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹൈക്കോടതി മുന്‍ ജഡ്ജി കെ ബാലകൃഷ്ണന്‍ നായരുടെ മകനാണ് ശ്യാം ബാലകൃഷ്ണന്‍. അദ്ദേഹം തികഞ്ഞ അഹിംസാവാദിയായ സാമൂഹിക പ്രവര്‍ത്തകനാണെന്നും മാവോയിസവുമായി ബന്ധമില്ലെന്നുമാണ് നാട്ടുകാരും സൃഹൃത്തുക്കളും പറയുന്നത്.

സംസ്ഥാനത്ത് മാവോയിസവുമായി ബന്ധമില്ലാത്ത നിരവധി പേരെ മാവോയിസ്റ്റുകളും തീവ്രവാദികളുമാക്കി ചിത്രീകരിച്ച് വേട്ടയാടുന്നതായി പരാതിയുണ്ട്. സര്‍ക്കാറിനെയോ പോലീസിനെയോ വിമര്‍ശിച്ചാല്‍ മാവോയിസ്റ്റായി. വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശം കൊട്ടിയടക്കുകയാണ് ഉത്തരേന്ത്യന്‍ പോലീസിന്റെ മാതൃക പിന്തുടര്‍ന്ന് കേരള പോലീസും. എന്താണ് ഈ ചെയ്തിക്കു പിന്നിലെ ചേതോവികാരം? മാവോയിസ്റ്റ് വേട്ടക്ക് കേന്ദ്രം അനുവദിച്ച ഫണ്ട് കൈക്കലാക്കുകയാണോ? സി പി ഐ നേതാവ് കാനം രാജേന്ദ്രനാണ്, നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയില്‍ കുപ്പുദേവരാജനും അജിതയും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കവെ ഈ ആരോപണമുന്നയിച്ചത്. തീവ്രവാദ വിരുദ്ധഫണ്ട് തട്ടിയെടുക്കുന്നതിന് കേരളത്തില്‍ ഒരു ഐ പി എസ് ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കാനം പറയുന്നത്. വളരെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതാണ് മാവോയിസ്റ്റ് വേട്ട പോലെയുള്ള കാര്യങ്ങള്‍. സാമൂഹിക അസമത്വത്തിനോ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കോ എതിരെ പ്രതിഷേധിക്കുന്നവരെയും അത്തരം നയങ്ങളെ ചോദ്യം ചെയ്യുന്നവരെയും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഭരണകൂടത്തില്‍ നിന്നുള്ള നീതിനിഷേധമാണ് തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാകാന്‍ കാരണമെന്നത് അനുഭവ സത്യമാണ്. മാവോയിസത്തിനെതിരായ പ്രതിരോധമാണ്, മാവോയിസ്റ്റുകളെ സൃഷ്ടിക്കലല്ല പോലീസിന്റെ ജോലി.

Latest