സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്: റിയയുടെ ജാമ്യാപേക്ഷ തള്ളി

Posted on: September 11, 2020 5:41 pm | Last updated: September 11, 2020 at 9:21 pm

ന്യൂഡല്‍ഹി| സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഷോയിക് ചക്രബര്‍ത്തി, റിയ ചക്രബര്‍ത്തി, അബ്ദുള്‍ ബാസിത്, സൈദ് വിലാട്ര, ദിപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവരുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളി.

കേസുമായി ബന്ധപ്പെട്ട് ഇതു വരെ അറസ്റ്റിലായ എട്ട് പേരുടെയും ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്. റിയ ചക്രബര്‍ത്തി ബൈക്കുല്ല ജയിലില്‍ തുടരും. ഈ മാസം 22 വരെ മജിസ്‌ട്രേറ്റ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് റിയയുടെ അഭിഭാഷകന്റെ അടുത്ത നീക്കം.

ഒരു കുറ്റവും ചെയ്യാതെയാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതെന്നും കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും റിയയുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. അതേസമയം, നടി ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സമൂഹത്തിലെ പ്രമുഖസ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചു.

കാമുകന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് റിയ ചക്രവര്‍ത്തിക്ക് അറിവുണ്ടായിരുന്നുവെന്നും എന്‍സിബി പറഞ്ഞു. എന്‍സിബിയുടെ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു