മദ്യപാനം മാത്രമല്ല ഫാറ്റി ലിവറിന് കാരണം

Posted on: September 10, 2020 8:01 pm | Last updated: September 10, 2020 at 8:01 pm

കരളില്‍ കൊഴുപ്പ് കൂടുന്നതിനാല്‍ കരളിന്റെ വലുപ്പം കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ മദ്യപാനം വഴി മാത്രമാണ് ഉണ്ടാകുക എന്ന ധാരണ പലര്‍ക്കുമുണ്ട്. ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യപാനമാണെങ്കിലും ആ ദുശ്ശീലം ഇല്ലാത്തവര്‍ക്കും ഈ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്.

ആഹാരക്രമവും ജീവിതശൈലിയും കാരണം മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ വരാന്‍ സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ ഇല്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതിനാല്‍ ഫാറ്റി ലിവര്‍ രൂപപ്പെടുന്നുണ്ട് എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല. ഗുരുതരമാകുമ്പോഴാണ് അറിയുക. അപ്പോഴേക്കും ചികിത്സ വൈകും.

അതിനാല്‍, മുന്‍കരുതല്‍ നടപടികളാണ് പോംവഴി. രക്തപരിശോധന, അള്‍ട്രാ സൗണ്ട് മുഖേനയാണ് പരിശോധിക്കുക. പ്രമേഹം, രക്താതിസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഫാറ്റി ലിവറുള്ള 80 ശതമാനം പേര്‍ക്കും അത് പ്രശ്‌നമാകില്ല. 20 ശതമാനം പേരിലാണ് ഗുരുതരമാകുക. കൊഴുപ്പ് കാരണം കരളില്‍ നാശമുണ്ടാകും. പതുക്കെ പതുക്കെയാണ് ഇവരില്‍ ഗുരുതരമാകുക. 10- 20 വര്‍ഷത്തിനുള്ളില്‍ ലിവര്‍ സിറോസിസ് എന്ന രോഗമുണ്ടാകും. വ്യായാമം, ആഹാര ക്രമീകരണം (കൊഴുപ്പുള്ളത് പരമാവധി നിയന്ത്രിക്കുക), ശരീരഭാരം കുറക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ജോര്‍ജ് അലക്‌സാണ്ടര്‍

ALSO READ  യൂറിക് ആസിഡും ഭക്ഷണ നിയന്ത്രണവും