പ്രതിരോധത്തിലായ ലീഗ് നേതൃത്വം ഖമറുദ്ദീനെ കൈവിടുമോ?

Posted on: September 10, 2020 5:19 pm | Last updated: September 10, 2020 at 5:55 pm

കോഴിക്കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദീന്‍ എം എല്‍ എക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തില്‍ കടുത്ത പ്രതിരോധത്തിലായ മുസ്ലിംലീഗ് നേതൃത്വം മുഖം രക്ഷിക്കല്‍ നടപടികളിലേക്ക്. 140 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പില്‍ ഇനിയും ഇടപെട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലുണ്ടാകുന്ന തിരിച്ചടി വളരെ വലുതാകുമെന്ന് ജില്ലാ നേതൃത്വം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള സംസ്ഥാന നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു.

വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് വലിയ ക്യാമ്പയിന് സംസ്ഥാനത്തും ജില്ലയിലും എല്‍ ഡി എഫ് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ 33ഓളം കേസുകള്‍ ഖമറുദ്ദീന്റെ പേരിലുണ്ട് . ഓരോ ദിവസവും കഴിയുന്തോറും പുതിയ പുതിയ പരാതികള്‍ ഉയര്‍ന്നുവരുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ അറസ്റ്റിന് വരെ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് എല്‍ ഡി എഫ് വലിയ പ്രചാരണമാക്കും. ഈ സാഹചര്യത്തില്‍ എന്തെങ്കിലും നടപടി വേണമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇത് പരിശോധിക്കുന്ന സംസ്ഥാന നേതൃത്വം ഖമറുദ്ദീനെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് താത്കാലികമായി നീക്കുന്നതിനുള്ള നടപടിയാണ് ആലോചിക്കുന്നത്. ഒപ്പം അന്വേഷണം കഴിയുന്നതുവരെ ഖമറുദ്ദീന് എല്ലാ പിന്തുണ നല്‍കുമെന്നും അറിയിക്കും.

തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരും ലീഗ് കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ്. പ്രവാസികള്‍ മുതല്‍ തൊഴിലുറപ്പ് ജോലിക്കാര്‍ വരെ 700 ഓളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കാസര്‍കോട് ജില്ലയുടെ പാര്‍ട്ടിയുടെ മുഖമായിരുന്ന ഖമറുദ്ദീനേയും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും മത പണ്ഡിതനുമായ പൂക്കോയ തങ്ങളേയും വിശ്വാസത്തിലെടുത്താണ് പണം നികിഷേപിച്ചതെന്നാണ് ഇരകള്‍ പറയുന്നത്. നിക്ഷേപത്തിന് ഖമറുദ്ദീന്‍ എല്ലാ ഉറപ്പും നല്‍കിയതായും എന്ത് നഷടമുണ്ടായാലും പണം തിരികെ നല്‍കുമെന്ന് അറിയിച്ചിരുന്നതായും ഇരകള്‍ പറയുന്നു. പവന് 19000 രൂപയുള്ളപ്പോഴാണ് നിക്ഷേപം നടത്തിയതെന്നും എന്നാല്‍ 30000ത്തിന് മുകളില്‍ സ്വര്‍ണ വില എത്തിയിട്ടും ജ്വല്ലറി പൊളിഞ്ഞുവെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു.

ജ്വല്ലറിയില്‍ ഒരു രൂപ പോലും സ്വന്തം കീശയില്‍ നിന്ന് എടുത്ത് ഖമറുദ്ദീന്‍ ചെലവഴിച്ചിട്ടില്ലെന്നും നിക്ഷേപകരുടെ പണം ഉപയോഗിച്ചാണ് ആദ്ദേഹം കാറുകളും മറ്റും എടുത്ത് ആഢംബരമായി കഴിഞ്ഞെന്നും ഇരകള്‍ ആരോപിക്കുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തിലെ പണം ഉപയോഗിച്ച് ഗള്‍ഫ് മേഖലയിലും ഖമറുദ്ദീന്‍ ബിസിനസ് തുടങ്ങിയതായും ആരോപണമുണ്ട്.

ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള മറ്റ് ബിസിനസ് സംരഭങ്ങളിലേക്കും അന്വേഷണം നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വിഷയം വലിയ ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്. പാര്‍ട്ടി പദവികളില്‍ നിന്ന് അന്വേഷണം കഴിയുന്നതുവരെ ഖമറുദ്ദീനെ മാറ്റിയാലും ലീഗിനെ സംബന്ധിച്ചിടത്തോളം ജ്വല്ലറി നിക്ഷേപ തട്ടിലെ പ്രതിരോധം വലിയ വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്.

ALSO READ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പ്രക്ഷോഭത്തിനൊരുങ്ങി നിക്ഷേപകർ; നാളെ സത്യഗ്രഹ സമരം