Connect with us

Kerala

വെഞ്ഞാറംമൂട് ഇരട്ടക്കൊല: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറംമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു. നാടിന്റെ സമാധാനം തകര്‍ക്കാന്‍ കോണ്‍ഗ്ര് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ചടയന്‍ ഗോവിന്ദനെ അനുസ്മരിച്ചുള്ളതാണ് ലേഖനം.

വെഞ്ഞാറംമൂട് കേസിലെ പ്രതികളുടെ കോണ്‍ഗ്രസ് ബന്ധം പുറത്തുവന്നിട്ടും അവരെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ഹീനമായ നെറികേടുകള്‍ അരങ്ങുതകര്‍ക്കുമ്പോഴും ഭൂമിയോളം ക്ഷമിക്കുകയാണ് സിപിഎം. കൊലക്ക് കൊല, ചോരക്ക് ചോര എന്ന നയം സിപിഎം സ്വീകരിക്കില്ല. പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേരള പോലീസിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാനാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സിയും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. ഇടതു സര്‍ക്കാരിന് എതിരെയുള്ള ബി.ജെ.പി-യു.ഡി.എഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പ് ഗന്ധം ഈ ആവശ്യത്തില്‍ പരക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട് മകനെ കൊണ്ട് അര്‍ധരാത്രി ആക്രമിപ്പിച്ച് മാര്‍ക്‌സിസ്റ്റ് ആക്രമണമെന്ന വ്യാജ കഥ സൃഷ്ടിച്ചതില്‍ ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയുണ്ടെന്നും കോടിയേരി ലേഖനത്തില്‍ ആരോപിച്ചു.

Latest