Connect with us

Covid19

ആവശ്യപ്പെടുന്ന വ്യക്തികള്‍ക്കെല്ലാം ഇനി കൊവിഡ് ടെസ്റ്റ്; ഡോക്ടറുടെ കുറിപ്പ് വേണ്ട

Published

|

Last Updated

ന്യൂഡല്‍ഹി | ഇനി മുതല്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ ഐ സി എം ആര്‍ അനുമതി. വിദേശത്തേക്കോ, മറ്റ് സംസ്ഥാനങ്ങളിലേക്കോ ഇനി പോകുന്നവര്‍ക്ക് സ്വന്തം ചെലിവില്‍ ഇത്തരത്തില്‍ ടെസ്റ്റ് നട്ത്താന്‍ കഴിയും. ടെസ്റ്റിനായി ഇതുവരെ ഡോക്ടറുടെ കുറിപ്പടി ആവശ്യമുണ്ടായിരുന്നു. ഇനി അത് വേണ്ടിവരില്ല. ഐ സി എം ആറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

കൊവിഡ് പരിശോധന ഇല്ലെന്ന കാരണത്താല്‍ ഗര്‍ഭിണികള്‍ക്ക് ആശുപത്രി പ്രവേശനം നിഷേധിക്കരുത്. സാംപിള്‍ ശേഖരിച്ച് അടുത്ത പരിശോധന കേന്ദ്രത്തിലെത്തിക്കാനുള്ള സൗകര്യമൊരുക്കണം. മറ്റ് റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയാലും പിന്നീട് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ നിര്‍ബന്ധമായും ആര്‍ ടി-പി സി ആര്‍ ടെസ്റ്റ് നടത്തണം. കണ്‍ടെയ്ന്‍മെന്റ് മേഖലകളില്‍ (പ്രധാനമായും തീവ്രബാധിത മേഖലയുള്‍പ്പെട്ട നഗരപ്രദേശങ്ങളില്‍) എല്ലാവരിലും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നും ഐ സി എം ആര്‍ നിര്‍ദേശിച്ചു.

കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. എന്നാല്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐ സി എം ആര്‍ വ്യക്തമാക്കുന്നു.