വെള്ളിത്തിരക്ക് പിന്നിലെ ലഹരിത്തിര

Posted on: September 5, 2020 5:00 am | Last updated: September 5, 2020 at 2:08 pm

പ്രമാദമായ മയക്കുമരുന്ന് കേസുകള്‍ക്കെല്ലാം സിനിമാ ലോകവുമായി ബന്ധം കാണപ്പെടുന്നു. 2017ല്‍ തെലങ്കാന എന്‍ഫോഴ്‌സ്‌മെന്റിന്റെ ദൗത്യത്തില്‍ പിടിയിലായ മയക്കുമരുന്ന് റാക്കറ്റിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് തെലുങ്ക് സിനിമാ മേഖലയിലാണ്. മയക്കുമരുന്ന് റാക്കറ്റില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്നാണ് സിനിമാ ലോകത്തെ പ്രമുഖരുമായുള്ള അവരുടെ ബന്ധം വ്യക്തമായത്. ഇതിനു പിന്നാലെ പ്രമുഖ നടീനടന്മാരും സംവിധായകരും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയരായി. അവരുടെ വീടുകളിലും ഫ്ലാറ്റുകളിലും നടത്തിയ റെയ്ഡുകളില്‍ മയക്കുമരുന്നും സിറിഞ്ചും പിടിച്ചെടുത്തു. നടന്മാര്‍ മയക്കുമരുന്ന് കണ്ണികളായി പ്രവര്‍ത്തിച്ചതായും വിദേശത്തേക്കുള്ള മയക്കുമരുന്ന് വ്യാപാരത്തിന് കൂട്ടു നിന്നതായും കണ്ടെത്തി. ചില നടിമാരെ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും വെളിപ്പെട്ടു.

2018 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഒരു പ്രമുഖ സിനിമാ സീരിയല്‍ നടിയുടെ ഫ്ലാറ്റില്‍ നിന്നായിരുന്നു പോലീസ് വിലയേറിയ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. നടിയുടെ ഫ്ലാറ്റില്‍ മയക്കുമരുന്ന് വില്‍പ്പനയും ലഹരി പാര്‍ട്ടികളും നടക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പുതു തലമുറ സിനിമാ താരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതായി കഴിഞ്ഞ നവംബറില്‍ നിര്‍മാതാക്കളുടെ സംഘടന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുമുണ്ടായി. കഞ്ചാവ് പുകച്ചാല്‍ മണം കാരണം അത് തിരിച്ചറിയാന്‍ കഴിയും. വിവരം അറിയാതിരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത് എല്‍ എസ് ഡി പോലുള്ള മയക്കുമരുന്നുകളാണെന്ന് സംശയിക്കുന്നതായും ലഹരി ഉപയോഗിക്കുന്ന പലരും കൃത്യസമയത്ത് ലൊക്കേഷനില്‍ എത്താതെ ഷൂട്ടിംഗിന് പ്രയാസം സൃഷ്ടിക്കുന്നതായും അവര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനും സിനിമാ നിര്‍മാതാവുമായ ഇന്ദ്രജിത്ത് ലങ്കേഷ് നല്‍കിയ വിവരമനുസരിച്ച് നാല് ദിവസം മുമ്പ് ബെംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായ മയക്കുമരുന്ന് സംഘത്തിനുമുണ്ട് തെലുങ്ക്, മലയാള സിനിമാ ലോകവുമായി ബന്ധം. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ 25 കിലോ കഞ്ചാവ് കണ്ടെടുക്കുകയും ഒരു പ്രമുഖ സീരിയല്‍ നടിയുള്‍പ്പെടെ 20ഓളം പേരെ പിടികൂടുകയും ചെയ്തിരുന്നു. ഉന്നതര്‍ പങ്കെടുക്കുന്ന ബെംഗളൂരുവിലെ പല ലഹരി പാര്‍ട്ടികളിലും ലഹരിമരുന്ന് എത്തിച്ചു കൊണ്ടിരുന്നത് ഈ സംഘമാണത്രെ. ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് സിനിമാ മേഖലയിലുള്ളവര്‍ക്ക് ഇവര്‍ സാധനങ്ങള്‍ എത്തിച്ചിരുന്നത്. ഒരു പ്രമുഖ രാജ്യാന്തര കൊറിയര്‍ സര്‍വീസ് വഴി ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ നിന്നാണ് സംഘം മുഖ്യമായും ലഹരി ഇറക്കുമതി ചെയ്തുവന്നതെന്നാണ് വിവരം. മൂന്ന് വര്‍ഷത്തോളമായി മലയാള സിനിമാ രംഗത്തെ പലര്‍ക്കും ഇവര്‍ ലഹരിമരുന്ന് എത്തിക്കുന്നതായി അവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ടെലഗ്രാം മെസഞ്ചറുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കന്നട സിനിമാ മേഖല മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലാണെന്ന് ഇന്ദ്രജിത്ത് ലങ്കേഷ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പന്ത്രണ്ടോളം കന്നട സിനിമാ നടന്മാര്‍ മയക്കുമരുന്ന് സംഘവുമായി സഹകരിച്ചു വരുന്നതായും ഇവര്‍ നിരോധിക്കപ്പെട്ട കഞ്ചാവ്, ഹഷീഷ്, ചരസ്, കൊക്കയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് മുമ്പാകെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

ALSO READ  കാണുക, തലയറ്റുവീഴുന്നു നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത

ബോളിവുഡ് മയക്കുമരുന്നിന്റെ പിടിയിലാണെന്ന വസ്തുത മുമ്പേ അറിയപ്പെട്ടതാണ്. ബോളിവുഡിലെ 99 ശതമാനം പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ നടി കങ്കണ വെളിപ്പെടുത്തിയത്. ഭാഷാന്തരമില്ലാതെ രാജ്യത്തെ എല്ലാ സിനിമാ മേഖലക്കും മയക്കുമരുന്നുമായുള്ള ബന്ധത്തിലേക്കാണ് ഈ സംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്. മലയാള നടന്മാരുടെ ലഹരിയുപയോഗത്തെക്കുറിച്ചുള്ള നിര്‍മാതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മെത്ത്, ഐസ് മെത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ലഹരി മരുന്നാണ് അവര്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഐസ് ക്രിസ്റ്റലുകള്‍ പോലെ തോന്നിക്കുന്ന ഈ ലഹരി വസ്തു ചെറിയ ഡോസില്‍ പോലും ശരീരത്തെ നന്നായി ഉത്തേജിപ്പിക്കുമത്രെ. ഇതിന്റെ സ്ഥിരമായ ഉപയോഗം മാരക രോഗങ്ങള്‍ക്കും പെട്ടെന്നുള്ള മരണത്തിന് വരെയും ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് ബാര്‍ ഹോട്ടലുകളിലും രഹസ്യമായി നടത്തപ്പെടുന്ന ലഹരി പാര്‍ട്ടികളിലും “മെത്ത്’ ഉപയോഗിക്കപ്പെടുന്നുണ്ട്. പോലീസിനും എക്‌സൈസ് വകുപ്പിനും ഇതറിയാത്തതല്ല. പക്ഷേ, ഇതിന്റെയൊക്കെ പിന്നാലെ നടന്നാല്‍ എത്തിച്ചേരുന്നത് മിക്കപ്പോഴും പ്രമുഖരിലേക്കായിരിക്കും. അതോടെ അന്വേഷണം വഴിമുട്ടും. ഒരു മയക്കുമരുന്ന് വില്‍പ്പനക്കാരനെ അടുത്തിടെ പോലീസ് പിടികൂടി. അന്വേഷണവും ചോദ്യം ചെയ്യലും മുറുകിയപ്പോള്‍ ഒരു നടന്റെ പേരാണ് അയാള്‍ പറഞ്ഞത്. വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ആ കേസും അന്വേഷണവും അവിടം കൊണ്ടവസാനിപ്പിക്കാനായിരുന്നു ലഭിച്ച നിര്‍ദേശം. സിനിമാ മേഖലയിലെ പ്രമുഖന്‍ തന്നെയാണ് ഒരു മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമാ ലൊക്കേഷനിലേക്ക് മദ്യവും മയക്കുമരുന്നും എത്തിക്കുന്നതിന് ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. “”പുറത്ത് പറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട്. സിനിമയെടുക്കുന്ന കാര്യത്തില്‍ മുന്‍കാലത്തുണ്ടായിരുന്ന നല്ല അന്തരീക്ഷമൊക്കെ പോയി. സാമൂഹിക വിരുദ്ധമായ ഒരുപാട് പ്രവണതകള്‍ സിനിമയിലേക്ക് കടന്നു വന്നു. ഈ മേഖലയില്‍ മയക്കുമരുന്ന് മാഫിയയും ശക്തമാണ്”- നടനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ഗണേഷ് കുമാറിന്റേതാണ് ഈ വാക്കുകള്‍. സിനിമാ രംഗത്തെ ലഹരിമരുന്ന് ഉപയോഗം പലപ്പോഴും ദുരൂഹ മരണമടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലെത്തിച്ചേരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ലഹരിമരുന്ന് ഇടപാടുണ്ടെന്ന വിവരം പുറത്തുവന്നതാണ്. ഭരണകൂടവും പോലീസും മുഖം നോക്കാതെ നടപടി സ്വീകരിക്കാനുള്ള ആര്‍ജവം കാണിച്ചെങ്കില്‍ മാത്രമേ സിനിമാ മേഖലയിലെ ഇത്തരം ദുഷ്പ്രവണതകള്‍ക്ക് തടയിടാനാകൂ.