വെഞ്ഞാറമൂട് ഇരട്ടക്കൊല: ഐ എന്‍ ടി യു സി പ്രാദേശിക നേതാവ് പിടിയില്‍

Posted on: September 3, 2020 11:43 pm | Last updated: September 4, 2020 at 7:54 am

തിരുവനന്തപുരം |  വെഞ്ഞാറമൂട്ടില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും വെട്ടിക്കൊന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഐ എന്‍ ടി യു സി പ്രാദേശിക നേതാവായ മദപുരം ഉണ്ണിയാണ് പിടിയിലായത്. കൊലക്ക് ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മദപുരത്തെ ഒരു മലയുടെ മുകളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോപാലീസ് പറയുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് പുറമെ മറ്റ് പ്രതികള്‍ക്ക് രക്ഷപ്പെടാനും ഇയാള്‍ സഹായം ചെയ്തതായാണ് പോലീസ് സംശയിക്കുന്നത്.

ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇതില്‍ കൂടുതല്‍ പേരും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്. ഉണ്ണികൂടി പിടിയിലായതോടെ കൊലപാതകത്തിന്റെ ഗഢാലോചന അടക്കമുള്ള വിഷയങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിക്കും. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തോ എന്നും പോലീസ് പരിശോധിക്കും.

കഴിഞ്ഞ ആഗസ്റ്റ് 31ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടിന് സമീപം മിഥിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരെ വെട്ടിക്കൊല്ലുന്നത്. നിരവധി മുറിവുകള്‍ ഇരുവരുടേയും മുഖത്തും തലയിലും ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.