സി പി എം ബോധപൂര്‍വ്വം ആക്രമണം നടത്തുന്നു: മുല്ലപ്പള്ളി

Posted on: September 1, 2020 12:19 pm | Last updated: September 1, 2020 at 12:19 pm

തിരുവനന്തപുരം |  വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനത്ത് ബോധപൂര്‍വ്വം ആക്രമണം നടത്തുകയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വീണുകിട്ടിയ അവസരമായി സി പി എം ഉപയോഗിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയം തിരുവിതാകൂര്‍ ഭാഗത്തേക്ക് വ്യാപിക്കുകയാണ് സി പി എം ലക്ഷ്യം. കോണ്‍ഗ്രസിന്റെ വായന ശാലകളും ഓഫീസുകളുമടക്കം നൂറ്കണക്കിന് സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടത്. കേരളത്തിലെ പൊതുസമൂഹം സി പി എമ്മിന്റെ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുകയോ അത്തരമൊരു പ്രസ്ഥാനത്തെ ന്യായീകരിക്കുകയോ ചെയ്ത പാര്‍ട്ടിയല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എന്നാല്‍ ഒരോ മരണവും സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ആഘോഷമാണ്. രണ്ടു ഗ്യാങ്ങുകള്‍ തമ്മില്‍ നടന്ന സംഘടനത്തിന്റെ ഭാഗമായി സംഭവിച്ച ദുരന്തമാണ് വെഞ്ഞാറമൂട് കൊലപാതകം. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ കെ പി സി സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനോ അല്ലെങ്കില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മറ്റാര്‍ക്കെങ്കിലുമോ പങ്കാളിത്തമില്ലെന്ന് വ്യകതമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.