Connect with us

National

ബംഗാളിന്റെ പ്രണാബ് ദാ

Published

|

Last Updated

എത്ര തിരക്കുകളുണ്ടെങ്കിലും ദുര്‍ഗാപൂജ വേളയില്‍ ബംഗാളിലെ തന്റെ പൈതൃക വസതിയിലെത്തുമായിരുന്നു പ്രണാബ് മുഖര്‍ജി. ബംഗാളി സംസ്‌കാരം അത്രയധികം രൂഢമൂലമായിരുന്നു അദ്ദേഹത്തില്‍. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ മിറാടിയിലെ പൈതൃക വീട്ടിലാണ് അദ്ദേഹം ദുര്‍ഗാപൂജക്ക് വേണ്ടി എത്തിയിരുന്നത്. പൂജക്കും അദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കാറുള്ളത്. പ്രണാബ് ദാ ആയിരന്നു അവര്‍ക്ക് പ്രണാബ് മുഖര്‍ജി.

ബംഗളില്‍ നിന്നുവളര്‍ന്നുവന്ന പ്രണാബ് എപ്പോഴും ബംഗാളി സ്വത്വം തേച്ചുമിനുക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായിരുന്നു. ഡല്‍ഹിയാണ് തട്ടകമെങ്കിലും ബംഗാളിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കമട കിങ്കര്‍ മുഖര്‍ജിയുടെ മകനായ പ്രണാബ് പക്ഷേ രാഷ്ട്രീയത്തിലേക്ക് കുറച്ചുവൈകിയാണെത്തിയത്. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ ക്ലര്‍ക്കായി ജോലിയില്‍ കയറുകയും പിന്നീട് 1963ല്‍ കൊല്‍ക്കത്ത വിദ്യാനഗര്‍ കോളജില്‍ അസി.പ്രൊഫസറാകുകയും ചെയ്ത പ്രണാബ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകനുമായിരുന്നു.

1969ലെ മിഡ്നാപൂര്‍ ഉപതിരഞ്ഞെടുപ്പാണ് പ്രണാബിന്റെ തലവര മാറ്റിയെഴുതിയത്. ബംഗാളില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നേതാവിന്റെ ഉയര്‍ച്ചയായിരുന്നു ആ ഉപതിരഞ്ഞെടുപ്പ്. സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന വി കെ കൃഷ്ണ മേനോന്റെ വിജയത്തിന് അക്ഷീണം പ്രയത്നിച്ച പ്രണാബിന്റെ കഴിവിനെ സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അറിഞ്ഞു. തുടര്‍ന്നാണ്, പ്രണാബ് കോണ്‍ഗ്രസില്‍ എത്തുന്നത്. അതിന് കാരണമായതാകട്ടെ സ്വന്തം നാട്ടിന്റെ നാഡിമിടിപ്പ് അറിഞ്ഞുള്ള പ്രവര്‍ത്തനവും. ആ വര്‍ഷം തന്നെ ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക താത്പര്യത്തില്‍ പ്രണാബ് രാജ്യസഭാംഗമായി. തുടര്‍ന്നുള്ള പ്രണാബിന്റെ വളര്‍ച്ചയുടെ ഘട്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഇന്ദിരാവധത്തിന് ശേഷം പാര്‍ട്ടിയിലെ പ്രശ്നങ്ങളും രാജീവ് ഗാന്ധിയോടുള്ള വിയോജിപ്പും കാരണം കോണ്‍ഗ്രസ് വിട്ടപ്പോള്‍ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് പ്രണാബ് തിരഞ്ഞെടുത്തതും ബംഗാളിനെയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പേരെടുത്ത പ്രണാബ് തന്റെ മറ്റൊരു തിരിച്ചുവരവിന് ഡല്‍ഹിയെയല്ല തിരഞ്ഞെടുത്തത് എന്നത്, ബംഗാളിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ദേശത്തിന്റെ പിന്തുണയോടെ ഉയര്‍ന്നുവരാനുള്ള ത്വരയെയുമാണ് കാണിക്കുന്നത്. പക്ഷേ ആ രാഷ്ട്രീയ പരീക്ഷണം പാളിപ്പോയത് മറ്റൊരു യാഥാര്‍ഥ്യം.

Latest