Connect with us

Editorial

‘ഒറ്റ തിരഞ്ഞെടുപ്പി'ന് പിന്നില്‍ ഒളിയജന്‍ഡ

Published

|

Last Updated

ബി ജെ പിയും നരേന്ദ്ര മോദിയും ഏറെക്കാലമായി മുന്നോട്ടു വെക്കുന്ന ആശയമാണ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒറ്റ തിരഞ്ഞെടുപ്പ്. ഇതിലേക്കുള്ള പുതിയ ചുവടുവെപ്പാണ് തദ്ദേശ, നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്കെല്ലാമായി ഒറ്റ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാനുള്ള തീരുമാനം. കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ മൂന്ന് തിരഞ്ഞെടുപ്പുകള്‍ക്കും വ്യത്യസ്ത വോട്ടര്‍ പട്ടികകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം വോട്ടര്‍ പട്ടികക്ക് രാജ്യത്തെല്ലായിടത്തും ഏകീകൃത സ്വഭാവമുണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 2024ഓടെ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന് നിതി ആയോഗും ശിപാര്‍ശ ചെയ്തിരുന്നു. 2015ല്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും 2018ല്‍ ലോ കമ്മീഷനും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നു. ഒരു റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഈ ആശയം മുന്നോട്ട് വെച്ചിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ പോലും സംസ്ഥാനങ്ങളില്‍ പല വോട്ടര്‍മാരും തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തു പോകുന്നതായി പരാതി ഉയരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഒറ്റ വോട്ടര്‍ പട്ടിക സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടിക ഒന്നാക്കുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ച്ച നടക്കുകയും വ്യത്യസ്ത വോട്ടര്‍ പട്ടിക ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമുണ്ടായി.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുക എന്ന ആശയം നടപ്പാക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കാന്‍ കഴിഞ്ഞ ജൂണ്‍ 19ന് കേന്ദ്രം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസടക്കം മിക്ക പ്രതിപക്ഷ കക്ഷികളും ബഹിഷ്‌കരിച്ച യോഗത്തില്‍ എന്‍ സി പിയും ഇടതു പാര്‍ട്ടികളും മാത്രമാണ് പ്രതിപക്ഷത്തു നിന്ന് പങ്കെടുത്തത്. യോഗത്തില്‍ വെച്ച് കേന്ദ്ര നീക്കത്തോട് സി പി എം കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന ആശയം ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന് എതിരുമാണെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള ഗൗരവമേറിയ ഒരു കാര്യം ചര്‍ച്ച ചെയ്യുന്നതിന് പെട്ടെന്ന് യോഗം വിളിക്കുന്നത് ഉചിതമല്ലെന്നും കേന്ദ്രം ഇതുസംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നുമായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പുകള്‍ക്ക് ഭീമമായ തുകയാണ് രാഷ്ട്രം ചെലവിടുന്നത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുമ്പോള്‍ ഇത് ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്നാണ് പുതിയ നീക്കത്തിന് സര്‍ക്കാര്‍ പറയുന്ന ഒരു ന്യായം. അഞ്ച് വര്‍ഷത്തിനിടെ പല തവണ തിരഞ്ഞെടുപ്പ് നടത്തുന്നത് മൂലം രാഷ്ട്രത്തിനും ജനക്ഷേമത്തിനും ആവശ്യമായ പദ്ധതികളും നയങ്ങളും നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം ഒഴിവാക്കാനാകുമെന്നതാണ് മറ്റൊരു ഗുണം. മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ പേരിലും ഭരണ സംവിധാനങ്ങളെ വഴിതിരിച്ചു വിടുന്നത് മൂലവും തിരഞ്ഞെടുപ്പ് വേളകളില്‍ മാസങ്ങളോളമാണ് വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നത്. രണ്ട് തിരഞ്ഞെടുപ്പുകളും രണ്ട് സമയങ്ങളില്‍ നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് പ്രചാരണത്തിന് വെവ്വേറെ ചെലവുകള്‍ വരുന്നുണ്ട്. ഒന്നിച്ചു നടത്തിയാല്‍ പ്രചാരണച്ചെലവും കുറക്കാന്‍ സാധിക്കുമെന്നതിനാല്‍ പ്രത്യക്ഷത്തില്‍ ഇത് പാര്‍ട്ടികള്‍ക്കും ഗുണകരമാണ്.

അതേസമയം, രാഷ്ട്രീയമായ ചില നഷ്ടങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഈ അജന്‍ഡയുടെ പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്. സാധാരണ ഗതിയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രാദേശിക പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. തദടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്തുന്നതും. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പത്തെ രാഷ്ട്രീയ, സാമൂഹിക സംഭവ വികാസങ്ങള്‍ തിരഞ്ഞെടുപ്പ് വിജയ പരാജയങ്ങളില്‍ വലിയ ഘടകമായിത്തീരാറുമുണ്ട്. രണ്ട് തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുമ്പോള്‍ അതിനൊരു ദേശീയ ട്രെന്‍ഡ് കൈവരികയും അതാത് സാഹചര്യങ്ങള്‍ അനുകൂലമായവര്‍ക്ക് ദേശീയ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പുകളിലും നേട്ടം കൈവരിക്കാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് ബി ജെ പിക്ക് ഗുണകരവും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍. തങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു മാര്‍ഗവുമായിത്തീരും ഇത് ബി ജെ പിക്ക.് മോദിയും ബി ജെ പിയും ഇക്കാര്യത്തില്‍ കൊണ്ടുപിടിക്കുന്നതിന്റെ കാരണവുമിതായിരിക്കണം.

രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായതിനു ശേഷം നടന്ന ആദ്യത്തെ നാല് തിരഞ്ഞെടുപ്പുകളിലും (1952, 1957, 1962, 1967) ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് നടന്നത്. പിന്നീടാണ് രണ്ടും വ്യത്യസ്ത സമയങ്ങളിലായി നടക്കാന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ ഇതൊരു പുതിയ ആശയമോ നിലപാടോ അല്ല. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിന് കടമ്പകളേറെയുണ്ട്. വോട്ടര്‍ പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിന് നിയമ ഭേദഗതിയും വേണം. ഇതോടൊപ്പം രാഷ്ട്രത്തിന്റെ നന്മ മാത്രമാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്ന് സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പ് വരുത്താനും കേന്ദ്രത്തിന് സാധ്യമാകണം. എന്നാല്‍, ഫെഡറല്‍ വ്യവസ്ഥ മുന്നോട്ടു വെക്കുന്ന തത്വങ്ങളെ അട്ടിമറിച്ച് സമഗ്രാധിപത്യം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് അടുത്തിടെ നടപ്പാക്കിയ പല നടപടികളും വ്യക്തമാക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി വേണം മോദിയുടെ “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” പ്രഖ്യാപനത്തെയും കാണാന്‍.

---- facebook comment plugin here -----

Latest