Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; നാലു പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Published

|

Last Updated

പത്തനംതിട്ട | കോന്നിയിലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നാലു പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. നാലുപേരെയും ചങ്ങനാശ്ശേരിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ദക്ഷിണാമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

പത്തനംതിട്ട കോന്നി വാകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. നിക്ഷേപമായി സ്വീകരിച്ച വന്‍തുക മടക്കിനല്‍കാതെ ഉടമകള്‍ മുങ്ങിയതോടെ നിക്ഷേപകര്‍ പരാതികളുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമകള്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.