National
സ്വാതന്ത്ര്യത്തിന് ശേഷം 73 വർഷം കഴിഞ്ഞ് മാച്ചിൽ ഗ്രാമം പൂർണ വെളിച്ചത്തിലേക്ക്

ശ്രീനഗർ| ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചിൽ ഗ്രാമത്തൽ വൈദ്യുതി എത്തി. ഇന്ത്യ-പാക് നിയന്ത്രണ രേഖക്ക് സമീപത്തുള്ള ഈ ഗ്രാമത്തിൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 73 വർഷത്തിന് ശേഷമാണ് വൈദ്യുതി എത്തുന്നത്.
സമീപ ഗ്രാമമായ കേരനിൽ ഈ മാസം 15ന് വൈദ്യുതി എത്തിയിരുന്നു.
വൈകാതെ മറ്റു പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിമെന്ന് ജമ്മു കശ്മീർ വൈദ്യുതി വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി റോഹിത് കൻസാൽ പറഞ്ഞു. അടുത്ത വർഷത്തോടെ എല്ലാ അതിർത്തി പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കും.
ഡീസൽ ജനറേറ്റർ വഴി ദിവസവും മൂന്ന് മണിക്കൂർ മാത്രമായിരുന്നു മാച്ചിൽ മേഖലയിലെ 20 ഗ്രാമങ്ങളിൽ ഇതുവരെ വൈദ്യുതി എത്തിച്ചിരുന്നത്. ഇലക്ട്രിസിറ്റി ഗ്രിഡുകളിലേക്ക് വഴി മാറുന്നതോടെ 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കുപ്‌വാര ജില്ലാ കലക്ടർ അൻഷുൽ ഗാർഗ് പറഞ്ഞു. ഒന്പത് പഞ്ചായത്തുകളിലായി 25,000 ആളുകളുടെ വീടുകളിലാണ് ഇതോടെ പ്രകാശം പരന്നത്.
ഗ്രാമങ്ങളിൽ വെളിച്ചം എത്തിക്കാൻ പ്രധാനമന്ത്രിയുടെ ആശ്വാസ പാക്കേജിൽ ഉൾപ്പെടുത്തി 3,000-4,000 കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചത്.